ചെന്നൈ: വിജയ്‍യുടെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്നാട് പൊലീസ്. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്.ഒളിവിൽ കഴിയുന്നതിനിടെയാണ് മതിഴയകന്റെ അറസ്റ്റ്.
മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും രാത്രി തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. കേസിൽ വിജയ്‍യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്.
രണ്ട് ടിവികെ നേതാക്കൾ കൂടി അറസ്റ്റിലാകുമെന്നാണ് വിവരം. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ നടത്തിയ ആരോപണത്തിന്റെ പേരിൽ ചെന്നൈയിൽ രണ്ട് ടിവികെ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. സഹായം, ശിവനേശൻ എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണെന്നാണ് റിപ്പോർട്ട്. വിജയ് അസുഖബാധിതൻ ആണെന്നും രോഗം ഉടൻ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമർ പ്രസാദ് ആശംസിച്ചു. ആരോഗ്യം സൂക്ഷിക്കണമെന്നും അമർ പ്രസാദ് ഉപദേശിക്കുന്നുണ്ട്.