ബെംഗളൂരു: ഹൃദയാഘാതം മൂലം മരിച്ചുവെന്ന് കരുതിയ വ്യക്തിയെ ഭാര്യയും കാമുകനും ചേർന്ന് തലയിണ അമർത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. കർണാടകയിലെ തുമകുരു ജില്ലയിലാണ് സിനിമയെ വെല്ലുന്ന ക്രൂരകൃത്യം നടന്നത് (Tumkur Murder Case). കൊലപാതകത്തിന് ശേഷം മൃതദേഹം അടക്കം ചെയ്തെങ്കിലും സംശയം തോന്നിയ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് സത്യം പുറത്തുവന്നത്.
തുമകുരു സ്വദേശിയായ പരമേശ് (50) എന്ന ദിവസക്കൂലിക്കാരനാണ് ജനുവരി 29-ന് മരിച്ചത്. ഹൃദയാഘാതമാണെന്ന് പറഞ്ഞ് ഭാര്യ ആശ (46) ബന്ധുക്കളെ വിശ്വസിപ്പിക്കുകയും തൊട്ടടുത്ത ദിവസം തന്നെ സംസ്കാരം നടത്തുകയും ചെയ്തു. എന്നാൽ, ഭർത്താവ് മരിച്ച് വെറും 20 ദിവസത്തിന് ശേഷം ഫെബ്രുവരി 19-ന് ആശ തന്റെ കാമുകനായ ചന്ദ്രപ്പയെ (48) വിവാഹം കഴിച്ചതോടെയാണ് പരമേശിന്റെ സഹോദരിമാർക്ക് സംശയം തോന്നിയത്. മരണസമയത്ത് ശരീരത്തിലുണ്ടായിരുന്ന പാടുകളെക്കുറിച്ചും മറ്റും സഹോദരിമാർ പോലീസിൽ പരാതി നൽകി.
ബന്ധുക്കളുടെ പരാതിയിൽ തഹസിൽദാറുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആശയും ചന്ദ്രപ്പയും കുറ്റം സമ്മതിച്ചു. മദ്യപിച്ച് ഉറങ്ങിക്കിടന്നിരുന്ന പരമേശിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് ഇവർ പോലീസിനോട് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Summary: A 50-year-old man in Karnataka’s Tumkur, initially thought to have died of a heart attack, was actually murdered by his wife and her lover. Suspicion arose when the wife, Asha, married her lover Chandrappa just 20 days after the death.

