ടി.ടി.വി. ദിനകരൻ എൻഡിഎയിലേക്ക്; പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി, തമിഴ്നാട്ടിൽ 'അമ്മ ഭരണം' തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപനം | TTV Dhinakaran Joins NDA
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.ടി. ദിനകരൻ എൻഡിഎ സഖ്യത്തിൽ ഔദ്യോഗികമായി ചേർന്നു (TTV Dhinakaran Joins NDA). ബുധനാഴ്ച കേന്ദ്രമന്ത്രിയും തമിഴ്നാട്ടിലെ ബിജെപി തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവുമായ പീയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യം പ്രഖ്യാപിച്ചത്. തമിഴ്നാടിന്റെ നന്മയ്ക്കും നല്ല ഭരണത്തിനുമായി വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് ദിനകരൻ വ്യക്തമാക്കി. തമിഴ്നാട്ടിൽ 'അമ്മ ഭരണം' (ജയലളിതയുടെ ഭരണം) തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എടപ്പാടി പളനിസ്വാമിയുമായി ദീർഘകാലമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ചാണ് ദിനകരന്റെ ഈ മടങ്ങിവരവ്. ഇത് സഖ്യകക്ഷികൾ തമ്മിലുള്ള പ്രശ്നം മാത്രമാണെന്നും പൊതുനന്മയ്ക്കായി വിട്ടുവീഴ്ച ചെയ്യുന്നത് തളർച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 23-ന് ചെന്നൈയിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസമ്മേളനത്തിൽ ദിനകരൻ പങ്കെടുക്കും. ദിനകരന്റെ വരവോടെ ദക്ഷിണ തമിഴ്നാട്ടിലെ തേവർ സമുദായത്തിനിടയിലുള്ള വോട്ടുകൾ സഖ്യത്തിന് അനുകൂലമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
സഖ്യത്തിന്റെ ഭാഗമായി ദിനകരന് ഏഴ് നിയമസഭാ സീറ്റുകൾ ബിജെപി വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. ആൻഡിപ്പെട്ടി, ഷോളിംഗൂർ തുടങ്ങിയ മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഒ. പനീർസെൽവത്തെയും (OPS) സഖ്യത്തിന്റെ ഭാഗമാക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. ദിനകരൻ എൻഡിഎയിൽ ചേരുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് എഐഎഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കി. സഖ്യം ഉറപ്പിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ ക്രമസമാധാന നിലയെയും മയക്കുമരുന്ന് മാഫിയയെയും കുറിച്ച് ഡിഎംകെ സർക്കാരിനെതിരെ ദിനകരൻ രൂക്ഷവിമർശനം ഉന്നയിച്ചു.
AMMK General Secretary T.T.V. Dhinakaran has formally rejoined the NDA after meeting Union Minister Piyush Goyal, aiming to restore "Amma's rule" in Tamil Nadu. Setting aside past rivalries with AIADMK's Edappadi Palaniswami, Dhinakaran emphasized that compromises are necessary for the state's welfare and good governance. The BJP plans to offer him seven assembly seats, hoping his inclusion will consolidate the Thevar community's support in southern Tamil Nadu ahead of the upcoming elections.

