ഡല്‍ഹി : യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 50 ശതമാനം അധിക തീരുവ പ്രാബല്യത്തിലായതോടെ നഷ്ടം മറികടക്കാൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. തീരുവ വര്‍ധന മൂലം ഇന്ത്യയ്ക്ക് യുഎസ് വിപണിയിലുണ്ടാകുന്ന നഷ്ടം ഏകദേശം 4800 കോടി ഡോളര്‍ ( 4.21 ലക്ഷം കോടി രൂപ) ആണ്.
ഇത് മറികടക്കാൻ വേണ്ടി യുകെ, ദക്ഷിണ കൊറിയ, ജപ്പാന്‍, മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങിയവരുമായി ചർച്ച നടത്തി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താനുള്ള നീക്കം സജീവമായി. ഏകദേശം 40 രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ.
ഇന്ത്യയുടെ വസ്‌ത്രോത്പന്നങ്ങളുടെ കയറ്റുമതിക്കാണ് മുഖ്യപ്രാധാന്യം. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴിലവസരം നല്‍കുന്ന മേഖലയാണിത്. നിലവില്‍ 200 രാജ്യങ്ങളിലേക്ക് ഇന്ത്യ വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും അതില്‍ ഈ പറഞ്ഞ 40 രാജ്യങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
59,000 കോടി ഡോളറിന്റെ ( 51.76 ലക്ഷം കോടി രൂപ) തുണിത്തരങ്ങളാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് എന്നാണ് കണക്കുകള്‍. എന്നാല്‍, ഈ രാജ്യങ്ങളില്‍ നിലവില്‍ ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ക്കുള്ള വിപണി വിഹിതം ഏതാണ്ട് ആറു ശതമാനം മാത്രമാണ്. ഇത് വര്‍ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം.
ഇന്ത്യയിൽ നിന്നുള്ള ചെമ്മീന്‍, തോല്‍ ഉത്പന്നങ്ങള്‍ക്കും പുതിയ വിപണി കണ്ടെത്തും. യൂറോപ്പ്, പടിഞ്ഞാറന്‍ ഏഷ്യ എന്നീ മേഖലകള്‍ക്ക് പുറമെ ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളും.