ഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ശ്രമിച്ചിരുന്നതായി റിപ്പോർട്ട്.നാല് തവണയും കോളുകൾ നിരസിച്ച മോദി, ട്രംപിനോട് സംസാരിക്കാൻ വിസമ്മതിച്ചു.
ജർമ്മൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഈ വാർത്തയോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപ് ഫോണിലൂടെയാണ് മോദിയുമായി സംസാരിക്കാൻ ശ്രമിച്ചതെന്നാണ് വിവരം.
റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം താരിഫ് ചുമത്തിയ ഘട്ടത്തിലാണ് ട്രംപ് – മോദി സൗഹൃദം ഉലയുന്നത്. ഈ സമയത്തും പ്രധാനമന്ത്രിയുമായി ചർച്ച നടത്താൻ ട്രംപ് ശ്രമിച്ചിരുന്നു. ഓഗസ്റ്റ് 10-ന് ‘ഇന്ത്യ ഒരു മോശം സമ്പദ് വ്യവസ്ഥ’എന്ന് ട്രംപ് പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് ഏതാനും ദിവസങ്ങൾക്ക് പിന്നാലെ തീരുവ ഉയർത്തുകയായിരുന്നു.ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ നാളെ രാവിലെ മുതൽ നിലവിൽ വരികയാണ്.