
ന്യൂഡൽഹി: ആഗസ്റ്റ് 1 മുതൽ എല്ലാ ഇന്ത്യൻ ഇറക്കുമതികൾക്കും 25% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു(tariff ). ഇന്ത്യയും റഷ്യയും തമ്മിൽ തുടർച്ചയായി വ്യാപാരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അടുത്തിടെയായി ഇന്ത്യ റഷ്യയിൽ നിന്നും സൈനിക ഉപകരണങ്ങളും മറ്റും വാങ്ങിയിരുന്നു.
ഇന്ത്യയുടെ ഉയർന്ന താരിഫുകളെ ആവർത്തിച്ച് വിമർശിച്ചുകൊണ്ടാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ നിലപാട് വ്യക്തമാക്കിയത്. ഉക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, റഷ്യയുടെ എണ്ണയിലും ആയുധങ്ങളിലുമുള്ള ആശ്രയത്വം കുറയ്ക്കാൻ യുഎസ് ഭരണകൂടം ഇന്ത്യയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ സ്തംഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ആഗസ്റ്റ് 1 ന് മുൻപ് അന്തിമ വ്യാപാര കരാർ പ്രാബല്യത്തിൽ വന്നില്ലെങ്കിൽ പുതിയ താരിഫുകൾ ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് വ്യക്തമാക്കി.