
ബുധനാഴ്ച പുലർച്ചെ പർപ്പ്ൾ ലൈനിൽ മരം വീണതിനെത്തുടർന്ന് മെട്രോ ട്രെയിനുകളുടെ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.15ഓടെ പർപ്പ്ൾ മാർഗിലെ എസ്വി റോഡിനും ഇന്ദിര നഗറിനും ഇടയിൽ ട്രാക്കിൽ മരം വീഴുകയായിരുന്നു. ബി.എം.ആർ.സി.എൽ അധികൃതരും ജീവനക്കാരും ചേർന്ന് മരം വെട്ടിമാറ്റിയ ശേഷമാണ് ട്രെയിൻ ഓടിത്തുടങ്ങിയത്.
തടസ്സമുണ്ടായപ്പോൾ പർപ്പ്ൾ ലൈനിൽ ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ്, എം.ജി റോഡ് മുതൽ ചള്ളഘട്ട് വരെ മാത്രമാണ് ട്രെയിനുകൾ സർവിസ് നടത്തിയത്. തുടർന്ന് പർപ്പ്ൾ ലൈനിൽ രാവിലെ 8.05 മുതൽ ട്രെയിനുകൾ പതിവുപോലെ ഓടുമെന്ന് ബി.എം.ആർ.സി.എൽ സന്ദേശത്തിലൂടെ അറിയിച്ചു.