ബെംഗളൂരു: കർണാടകയിലെ ചരിത്രപ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ വീട് പണിക്കായി മണ്ണുമാറ്റുന്നതിനിടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി. ഏകദേശം 60 മുതൽ 70 ലക്ഷം രൂപ വരെ വിപണി മൂല്യം കണക്കാക്കുന്ന 22 ഇനം സ്വർണ്ണാഭരണങ്ങളാണ് ഒരു ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.(Treasure found in Karnataka while moving soil for house construction)
വീടിന്റെ അടിത്തറ കുഴിക്കുന്നതിനിടെ എട്ടാം ക്ലാസ്സുകാരനായ പ്രജ്വൽ ആണ് മണ്ണുപുരണ്ട നിലയിൽ ചെമ്പ് പാത്രം ആദ്യം കണ്ടത്. നിധി കണ്ട വിവരം ഒളിച്ചുവെക്കാതെ കുട്ടി ഉടൻ തന്നെ വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചു. തുടർന്ന് ഗ്രാമവാസികൾ വിവരമറിയിച്ചതനുസരിച്ച് ഗദഗ് എസ്.പി രോഹൻ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പുരാവസ്തു വകുപ്പും സ്ഥലത്തെത്തി.
ഏകദേശം 470 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തത്. പഴയ വീടിന്റെ അടുക്കള ഭാഗത്ത് അടുപ്പിനോട് ചേർന്നാണ് സ്വർണ്ണം കുഴിച്ചിട്ടിരുന്നത്. ആഭരണങ്ങൾ സർക്കാർ കസ്റ്റഡിയിലേക്ക് മാറ്റി.
കണ്ടെത്തിയ സ്വർണ്ണം സാങ്കേതികമായി 'നിധി' വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്നതിൽ പുരാവസ്തു വകുപ്പ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ബാങ്ക് സൗകര്യങ്ങൾ ഇല്ലാതിരുന്ന പണ്ട് കാലത്ത് കുടുംബങ്ങൾ തങ്ങളുടെ സമ്പാദ്യം അടുക്കളയിലെ തറയ്ക്കടിയിൽ ഒളിപ്പിക്കാറുള്ള പതിവുണ്ട്. അത്തരത്തിൽ ശേഖരിച്ചുവെച്ച ആഭരണങ്ങളാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. ആഭരണങ്ങൾക്കൊപ്പം സ്വർണ്ണ നാണയങ്ങളോ ചരിത്രരേഖകളോ കണ്ടെത്തിയിട്ടില്ല. പല ആഭരണങ്ങളും പൊട്ടിയ നിലയിലുമാണ്.