ഗോപേശ്വർ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 60 തൊഴിലാളികൾക്ക് പരിക്കേറ്റു. വിഷ്ണുഗഡ്-പിപൽകോടി പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിനുള്ളിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.(Trains collide inside tunnel in Uttarakhand, 60 workers injured)
പദ്ധതിയിലെ തൊഴിലാളികളുമായി പോയ ലോക്കോ ട്രെയിൻ, നിർമ്മാണ സാമഗ്രികളുമായി വന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് ട്രെയിനിൽ 109-ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
പരിക്കേറ്റ 60 പേരിൽ നില ഗുരുതരമായ 42 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി. അളകനന്ദ നദിയിൽ നിർമ്മിക്കുന്ന 444 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയാണിത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തുരങ്കങ്ങളിലൂടെ തൊഴിലാളികളെ എത്തിക്കുന്നതിനും പാറകളും മണ്ണും നീക്കം ചെയ്യുന്നതിനുമായാണ് ഈ ട്രെയിനുകൾ ഉപയോഗിക്കുന്നത്.