ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ടിക്കറ്റ് നിരക്കുകൾ പരിഷ്കരിക്കുന്നു. പുതുക്കിയ നിരക്കുകൾ ഈ മാസം ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. ഈ പരിഷ്കരണത്തിലൂടെ 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്.(Train ticket fare hike, New changes from December 26)
ഓർഡിനറി ക്ലാസ് യാത്രക്കാർ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് 1 പൈസ അധികമായി നൽകണം. എന്നാൽ 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന സാധാരണ യാത്രക്കാർക്ക് നിരക്ക് വർദ്ധന ബാധകമല്ല. മെയിൽ/എക്സ്പ്രസ് യാത്രക്കാർക്ക് നോൺ-എസി ക്ലാസുകൾക്കും എസി ക്ലാസുകൾക്കും കിലോമീറ്ററിന് 2 പൈസ വീതമാണ് വർദ്ധിപ്പിച്ചത്.
നോൺ-എസി ക്ലാസിൽ 500 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്ന ഒരാൾ ടിക്കറ്റ് നിരക്കിന് പുറമെ 10 രൂപ കൂടി അധികമായി നൽകേണ്ടി വരും. സാധാരണക്കാരായ ഹ്രസ്വദൂര യാത്രക്കാരെയും സ്ഥിരം യാത്രക്കാരെയും പരിഗണിച്ച് സബർബൻ ട്രെയിനുകളുടെയും സീസൺ ടിക്കറ്റുകളുടെയും (MST) നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എട്ട് സോണുകളിലായി 244 പ്രത്യേക സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ഡൽഹി, ഹൗറ, ലഖ്‌നൗ തുടങ്ങിയ തിരക്കേറിയ റൂട്ടുകളിലാണ് കൂടുതൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടകരെയും ക്രിസ്മസ് യാത്രക്കാരെയും പരിഗണിച്ച് മുംബൈ, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും പ്രത്യേക സർവീസുകൾ ഉണ്ടാകും. വരും ദിവസങ്ങളിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.