
പട്ന : ബിഹാറിൽ ട്രെയിൻ പരിശോധനയ്ക്കായുള്ള പുഷ് ട്രോളിയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിന്റെ കിഴക്കൻ മേഖലയായ കതിഹാറിലാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് വരികയായിരുന്ന അവധ് അസം എക്സ്പ്രസാണ് ട്രാക്കിൽ പരിശോധന നടത്തുകയായിരുന്ന പുഷ് ട്രോളിയിലേക്ക് ഇടിച്ചുകയറിയത്.
പതിവ് പട്രോളിംഗ് ജോലികൾക്കായാണ് ജീവനക്കാർ പുഷ് ട്രോളിയിൽ സഞ്ചരിച്ചിരുന്നത്. നാല് ജീവനക്കാരാണ് ട്രോളിയിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച ട്രോളിയുടെ പിന്നിലേക്കാണ് ട്രെയിൻ ഇടിച്ചുകയറിയത്.
സംഭവസ്ഥലത്തുവച്ചു തന്നെ ഒരാൾ മരിച്ചു.ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കതിഹാർ റെയിൽവേ ഡിവിഷനോട് ചേർന്നുള്ള പ്രദേശത്താണ് അപകടം നടന്നതെന്ന് റിപ്പോർട്ട്. അപകടത്തെത്തുടർന്ന് ട്രോളിയുടെ ഒരു ഭാഗം ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങി.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.