

ന്യൂഡൽഹി: ഇനി മുതൽ നമ്മുടെ ഫോണുകളിലേക്ക് വരുന്ന കോളുകളിൽ കോൾ ചെയ്യുന്നയാളുടെ നമ്പർ മാത്രമല്ല, പേരും പ്രത്യക്ഷപ്പെടും. ഇതിനായുള്ള ടെലിക്കോം വകുപ്പിൻ്റെ നിർദ്ദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അംഗീകാരം നൽകി.(TRAI approves CNAP system, implementation to begin in March next year)
ഈ സേവനത്തിന് കോളർ നെയിം പ്രസന്റേഷൻ (CNAP - Caller Name Presentation) എന്നാണ് പേര് നൽകിയിരിക്കുന്നത്. അടുത്ത വർഷം മാർച്ച് മാസത്തോടെ ഈ സംവിധാനം രാജ്യത്ത് നടപ്പാക്കാൻ ടെലികോം സേവനദാതാക്കൾക്ക് ട്രായ് അറിയിപ്പ് നൽകിയിട്ടുണ്ട്.
ഫീച്ചർ നിലവിൽ വരുന്നതോടെ പരിചയമില്ലാത്ത നമ്പറുകളുടെ ഒപ്പം പേരുകളും തെളിഞ്ഞ് വരും. നിലവിൽ പേരുകൾ കണ്ടെത്താൻ നമ്മൾ ട്രൂ കോളർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പുതിയ സേവനം വരുന്നതോടെ, അപരിചിതമായ കോളുകൾ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന് എളുപ്പത്തിൽ തീരുമാനിക്കാനാകും.
സ്പാം കോളുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ തടയാൻ ഈ സംവിധാനം ഏറെ ഗുണം ചെയ്യും. ഫീച്ചർ ആവശ്യമില്ലാത്തവർക്ക് അത് ഒഴിവാക്കാനുള്ള സംവിധാനവും ഉണ്ടാകും.