

നവി മുംബൈ: നഗരത്തിലെ ഗതാഗത നിയന്ത്രണം കൂടുതൽ ഫലപ്രദമാക്കുന്നതിൻ്റെ ഭാഗമായി നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എൻ.എം.എം.സി.) 'ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെൻ്റ് സിസ്റ്റം' (ഐ.ടി.എം.എസ്.) നടപ്പിലാക്കുന്നു. കോർപ്പറേഷന് അധിക സാമ്പത്തിക ബാധ്യതയില്ലാതെ സ്വകാര്യ-പൊതുമേഖലാ സഹകരണത്തോടെയാണ് ഈ സംവിധാനം ഒരുക്കുന്നത്.(Traffic control in Navi Mumbai now smart)
പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആദ്യം പാം ബീച്ച് റോഡിൽ നടപ്പിലാക്കും. തുടർന്ന്, ഘട്ടംഘട്ടമായി നഗരത്തിലെ 58 പ്രധാന പോയിന്റുകളിലേക്ക് ഐ.ടി.എം.എസ്. വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.
ഉയർന്ന ശേഷിയുള്ള ക്യാമറകൾ, സെൻസറുകൾ, മറ്റ് അത്യാധുനിക സൗകര്യങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ഐ.ടി.എം.എസ്. പ്രവർത്തിക്കുന്നത്. റോഡുകളിലെ തത്സമയ ഗതാഗത സ്ഥിതിഗതികൾ യാത്രക്കാരെ അപ്പപ്പോൾ അറിയിക്കാൻ ഈ സംവിധാനം പര്യാപ്തമായിരിക്കും.
വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് സിഗ്നൽ സമയം സ്വയം ക്രമീകരിക്കാൻ ഐ.ടി.എം.എസിന് കഴിവുണ്ട്. ഇത് യാത്രാസമയം ലാഭിക്കാനും, ഇന്ധനനഷ്ടം കുറയ്ക്കാനും, അതുവഴി നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും സഹായകമാകും.