
അഹമ്മദാബാദ് : അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് ഡ്രീംലൈനര്‍ വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം തകർന്ന് വീണത്.അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആരോഗ്യവകുപ്പ് അറിയിച്ചു. 260 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയും ആറുപേരെ മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്.
കൊല്ലപ്പെട്ടവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി.ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരുണ്ടായിരുന്നു വിമാനത്തിൽ. ഒരു യാത്രക്കാരനൊഴികെ മറ്റെല്ലാവരും ദുരന്തത്തിൽ മരിച്ചു.യാത്രക്കാരിൽ 169 പേര്‍ ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ് ഉണ്ടായിരുന്നത്. ലണ്ടനില്‍ നഴ്സായിരുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും ദുരന്തത്തിൽ മരിച്ചിരുന്നു.
അതേ സമയം, അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ഡോ. ഷംഷീര്‍ വയലിന്റെ ആറ് കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. എയര്‍ ഇന്ത്യ ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് വിപിഎസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീറിന്റേത്.
ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ട നാല് യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന ആര്യന്‍ രജ്പുത്, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള മാനവ് ഭാദു, ബാര്‍മറില്‍ നിന്നുള്ള ജയപ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ്‌നഗറില്‍ നിന്നുള്ള രാകേഷ് ഗോബര്‍ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്.