അഹമ്മദാബാദ് : ഗുജറാത്തിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആയി നിയോഗിക്കപ്പെട്ട അധ്യാപകൻ ജീവനൊടുക്കി. ഗിർ സോമനാഥ് ജില്ലയിലാണ് സംഭവം.എസ്ഐആറിന്റെ ജോലി ഭാരം താങ്ങാനാകുന്നില്ലെന്ന് സോംനാഥിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. കൊടിനാർ താലൂക്കിലെ ദേവ്ലി ഗ്രാമത്തിലുള്ള വീട്ടിൽ 6.30 ഓടെയാണ് അരവിന്ദ് വധേറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊടിനാറിലെ ഛാര ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിൽ അധ്യാപകനായിരുന്നു അരവിന്ദ്. അടുത്തിടെയാണ് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ജോലിക്കായി അരവിന്ദിനെ ബിഎൽഒ ആയി നിയോഗിച്ചത്. ഭാര്യയ്ക്കായി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് അരവിന്ദ് എഴുതിയിട്ടുണ്ട്.
ജില്ലയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബിഎൽഒമാരിൽ ഒരാളായിരുന്നു അരവിന്ദ് വധേരെന്നും അദേഹത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. മരണത്തെക്കുറിച്ച് എല്ലാ വശങ്ങളിൽ നിന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് സോമനാഥ് കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എൻ വി ഉപാധ്യായ പറഞ്ഞു.