മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ മുംബൈ ഭീകരാക്രമണത്തിന് നാളെ പതിനേഴ് വർഷം പൂർത്തിയാവുകയാണ്. ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ 10 തീവ്രവാദികൾ ചേർന്ന് മൂന്ന് ദിവസത്തോളമാണ് മുംബൈ നഗരത്തെ വിറപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരപ്രവർത്തനങ്ങളിൽ ഒന്നായിരുന്നു ഈ ആക്രമണം.(Tomorrow marks 17 years since the Mumbai terror attack)
മുംബൈയിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ 12 സ്ഥലങ്ങളെ ഏകോപിപ്പിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. കടൽ മാർഗം നഗരത്തിലെത്തിയ ഭീകരർ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് എ.കെ-47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് കൂട്ട വെടിവെയ്പ്പും സ്ഫോടനങ്ങളും നടത്തി.
താജ്മഹൽ പാലസ് & ടവർ ഹോട്ടൽ, ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടൽ, ഛത്രപതി ശിവജി ടെർമിനസ്, ലിയോപോൾഡ് കഫേ, നരിമാൻ ഹൗസ്, കാമ ആൻഡ് ആൽബ്ലെസ് ഹോസ്പിറ്റൽ, മെട്രോ സിനിമാ ഹാൾ തുടങ്ങിയവയായിരുന്നു ആക്രമിക്കപ്പെട്ടത്. സാധാരണക്കാരും വിദേശ പൗരന്മാരും അടക്കം 166 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്കാണ് പരിക്കേറ്റത്.
എൻ.എസ്.ജി. കമാൻഡോകളും മുംബൈ പോലീസും മറൈൻ കമാൻഡോകളും ചേർന്നാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ഈ ഓപ്പറേഷൻ 'ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ' എന്ന പേരിലാണ് അറിയപ്പെട്ടത്. 10 തീവ്രവാദികളിൽ മുഹമ്മദ് അജ്മൽ അമീർ കസബ് എന്ന ഒരാളെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. കോടതി നടപടികൾക്ക് ശേഷം 2012-ൽ കസബിനെ തൂക്കിലേറ്റി.
ആക്രമണത്തിന്റെ ആസൂത്രണം പാകിസ്ഥാനിൽ നിന്നായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചത് ഇന്ത്യ-പാക് ബന്ധത്തിൽ വലിയ വിള്ളലുകൾ സൃഷ്ടിച്ചു. ലഷ്‌കർ ഇ ത്വയ്ബയോട് അടുപ്പമുള്ള ഭീകരസംഘടനയായ ജമാഅത്തുദ്ദഅവയുടെ തലവൻ ഹാഫിസ് മുഹമ്മദ് സയീദ്, ലഷ്‌കറെയുടെ ഓപ്പറേഷൻസ് വിഭാഗം തലവൻ സാക്കിയുർ റഹ്മാൻ ലഖ്‌വി, പാക്ക് സേനയിലെ ഇനിയും തിരിച്ചറിയാത്ത 2 പേർ എന്നിവരുടെ ഗൂഢാലോചനയിലാണ് ആക്രമണം നടന്നത്.
ഭീകരതയ്ക്കെതിരെ നടപടിയെടുക്കാൻ രാജ്യാന്തര തലത്തിൽ സമ്മർദം ശക്തമാക്കിയതിന് പിന്നാലെ പാകിസ്ഥാൻ ലഖ്‌വി ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ലഖ്‌വിയെ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് കാണിച്ച് പാകിസ്ഥാൻ ഹൈക്കോടതി 2015 മാർച്ചിൽ ഇയാളെ വെറുതെ വിടാൻ ഉത്തരവിടുകയും ഏപ്രിലിൽ ലഖ്‌വി ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. മുംബൈ ഭീകരാക്രമണം ഇന്ത്യൻ സുരക്ഷാ സംവിധാനത്തിൽ, പ്രത്യേകിച്ച് തീരദേശ സുരക്ഷയിലും ഭീകരവിരുദ്ധ സേനയുടെ വേഗത്തിലുള്ള വിന്യാസത്തിലും സമൂലമായ മാറ്റങ്ങൾ വരുത്തുന്നതിന് കാരണമായി.