Bribe: ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം കിട്ടണമെങ്കിൽ 8 ലക്ഷം കൈക്കൂലി നൽകണം; 70000 രൂപ കൈപ്പറ്റുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ
പട്ന: ബീഹാറിലെ ശിവഹാറിൽ 70,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. കളക്ടറേറ്റിലുള്ള ജില്ലാ ഭൂമി ഏറ്റെടുക്കൽ ഓഫീസിലെ ജീവനക്കാരനായ വിജയ് കുമാർ എന്നയാളെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ശിവഹാർ-സീതാമർഹി റെയിൽവേ ലൈനിലെ ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നൽകുന്നതിനായി നഗരത്തിലെ ബഭന്തോളി നിവാസിയായ പപ്പു തിവാരിയിൽ നിന്ന് വിജയ് കുമാർ എട്ട് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം പപ്പു തിവാരി വിജിലൻസിനെ അറിയിക്കുകയായിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ബുധനാഴ്ച ശിവഹാറിലെത്തിയ വിജിലൻസ് സംഘം 70,000 രൂപ കൈപ്പറ്റുന്നതിനിടെ വിജയ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു, ഭൂമി ഏറ്റെടുക്കൽ വകുപ്പിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കും ഈ കൈക്കൂലിയിൽ പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലൻസ് വകുപ്പിലെ ഡിഎസ്പി സുജീത് കുമാർ പറഞ്ഞു. അന്വേഷണം തുടരുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.