കൊൽക്കത്ത: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഇനി ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സംസ്ഥാനം പിടിച്ചെടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ശക്തമായി രംഗത്തെത്തി. പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബംഗാളിന് വേണ്ടെന്നും, ബിജെപിയെ ബംഗാൾ ജനത ഒരിക്കലും അംഗീകരിക്കില്ലെന്നും തൃണമൂൽ നേതാക്കൾ വ്യക്തമാക്കി.(TMC strongly responds to Modi's call)
തൃണമൂൽ എംപി സാഗരിക ഘോഷ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ബിജെപിക്കെതിരെ ആഞ്ഞടിച്ചു. ബംഗാളിന്റെ ഭാഷയെയും, പ്രതീകങ്ങളെയും, സംസ്‌കാരത്തെയും അപമാനിച്ച ബിജെപിയോട് ജനങ്ങൾ പൊറുക്കില്ലെന്ന് സാഗരിക ഘോഷ് തുറന്നടിച്ചു.
2026-ലാണ് പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബിഹാറിൻ്റെ അയൽ സംസ്ഥാനമായ ബംഗാൾ പിടിക്കാനാണ് ബിജെപി പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. എന്നാൽ, ബിഹാർ വിജയം ബംഗാളിൽ ഒരു മാറ്റവുമുണ്ടാക്കില്ലെന്ന് ടിഎംസി നേതാക്കൾ പറയുന്നു.
ബിഹാറിലെയും ബംഗാളിലെയും രാഷ്ട്രീയ സമവാക്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ബിജെപിയെ ബംഗാൾ ജനത ശത്രുവായാണ് കാണുന്നത്. ജനങ്ങളുടെ അനുഗ്രഹം എന്നും മമത ബാനർജിക്കൊപ്പമാണ്. ദീദി നാലാം വട്ടവും ബംഗാൾ ഭരിക്കുമെന്നും തൃണമൂൽ നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.