
ഹൈദരാബാദ് : ലോകപ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായി നൽകുന്ന ലഡു സംബന്ധിച്ച് വിവാദങ്ങൾ കൊഴുക്കുന്നിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ദേവസ്വം അധികൃതർ. തിരുമല തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്യുന്ന ലഡുവിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും സാധാരണ രീതിയിൽ ഉണ്ടാക്കുന്ന അതേ ഗുണനിലവാരത്തിൽ തന്നെയാണ് ഇപ്പോഴും ലഡു നിർമിക്കുന്നതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. ക്ഷേത്രത്തിലെ വഴിപാടുമായി ബന്ധപ്പെട്ട് ഭക്തരിൽ ആശങ്ക വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദേവസ്വത്തിന്റെ നടപടി.
വെള്ളിയാഴ്ച പുറത്തിറക്കിയ സോഷ്യൽ മീഡിയ പോസ്റ്റിലാണ് ലഡുവിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടു ദേവസ്വം അധികൃതർ വിശദീകരണം നൽകിയിരിക്കുന്നത്. തിരുപ്പതി ലഡുവിന്റെ ഗുണനിലവാരത്തിലും പരിശുദ്ധിയിലും ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. എല്ലാ ഭക്തജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന തരത്തിൽ പ്രസാദമായ ലഡുവിന്റെ വിശുദ്ധി സംരക്ഷിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പ്രതിജ്ഞാബദ്ധമാണ്. ക്ഷേത്രം ബോർഡ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.