തിരുപ്പതി: രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ദേവസ്ഥാനത്ത് (ടി.ടി.ഡി.) 250 കോടി രൂപയുടെ വൻ നെയ്യ് കുംഭകോണം നടന്നതായി കണ്ടെത്തൽ. 2019 മുതൽ 2024 വരെയുള്ള കാലയളവിലാണ് പ്രസാദത്തിന് ഉപയോഗിച്ച നെയ്യുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നത്.(Tirupati ghee scam, Rs 250 crore fraud)
വ്യാജ നെയ്യ് വിതരണം ചെയ്തത് ഉത്തരാഖണ്ഡിലെ ഒരു കമ്പനിയാണ്. ഭഗ്‍വൻപൂരിൽ പ്രവർത്തിച്ചിരുന്ന 'ഭോലേ ബാബ ഓർഗാനിക് ഡയറി മിൽക്' ആണ് തട്ടിപ്പിന് പിന്നിൽ. പ്രസാദത്തിനുള്ള നെയ്യ് തയ്യാറാക്കാൻ പാമോയിൽ ഉപയോഗിച്ചതായി കണ്ടെത്തി. കൂടാതെ ബീറ്റ കരോട്ടിൻ, അസെറ്റിക് ആസിഡ് തുടങ്ങിയ രാസവസ്തുക്കളും (കെമിക്കലുകൾ) നെയ്യിൽ ചേർത്തിരുന്നു.
നെല്ലൂർ കോടതിക്ക് സി.ബി.ഐ. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) റിമാൻഡ് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കുംഭകോണത്തിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടി.ടി.ഡി.) ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. അന്വേഷണം ടി.ടി.ഡി. ഉദ്യോഗസ്ഥരിലേക്ക് നീളുകയാണ്.
നെയ്യിൽ മായം കലർന്നതായി കണ്ടെത്തിയിട്ടും കൃത്രിമ നെയ്യ് വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർ അനുമതി നൽകിയതായി ആരോപണമുണ്ട്. മറ്റ് കമ്പനികളെ മറയാക്കി വ്യാജ നെയ്യ് വിതരണം ചെയ്യുന്നത് ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിച്ചതായും സൂചനയുണ്ട്. ടി.ടി.ഡി. ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാൻ സി.ബി.ഐ. പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.