

ഛത്തീസ്ഗഢ്: 'കള്ളി' എന്ന വിളി കേട്ട് സഹികെട്ട 13 വയസ്സുകാരി, ബന്ധുക്കളായ രണ്ട് കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. മുതിർന്നവർ കളിയാക്കുന്നത് കേട്ട് നാല് വയസ്സുകാരൻ ഇത് ആവർത്തിച്ചതാണ് പ്രകോപനമായതെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കളായ നാല് വയസ്സുകാരനെയും രണ്ട് വയസ്സുകാരിയെയുമാണ് പെൺകുട്ടി കിണറ്റിലെറിഞ്ഞത്.(Tired of being called a thief, 13-year-old girl kills 2 children by throwing them into a well)
തൻ്റെ ഗ്രാമത്തിലുള്ളവർ നിരന്തരമായി 'കള്ളി' എന്ന് വിളിക്കുന്നത് കേട്ട് ദേഷ്യത്തിലായിരുന്നു എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി. ഞായറാഴ്ച രാവിലെയാണ് കുട്ടികളെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പച്ചക്കറിത്തോട്ടത്തിലെ കിണറ്റിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കിണറ്റിലെ വെള്ളം വറ്റിച്ചപ്പോൾ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും ലഭിച്ചു.
കുട്ടികളെ കാണാതാകുന്നതിന് തൊട്ടുമുമ്പ് 13 വയസ്സുകാരിക്കൊപ്പം കണ്ടിരുന്നു. ഇതോടെ സംശയം പെൺകുട്ടിയിലേക്ക് തിരിഞ്ഞു. പോലീസ് ചോദ്യം ചെയ്തപ്പോൾ, താനാണ് കുട്ടികളെ കിണറ്റിലെറിഞ്ഞതെന്ന് 13കാരി സമ്മതിച്ചു. നാല് വയസ്സുകാരൻ തന്നെ 'കള്ളി' എന്ന് വിളിച്ച് കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്നും കുട്ടി മൊഴി നൽകി.
"13കാരി കുറച്ച് പണവും ഫോണും മോഷ്ടിച്ചതായി നേരത്തെ ആരോപണമുണ്ടായിരുന്നു. അതിനുശേഷം ഗ്രാമീണർ അവളെ 'കള്ളി' എന്ന് വിളിക്കാൻ തുടങ്ങി. ഇത് കാരണം അവൾക്ക് എല്ലാവരോടും ദേഷ്യമായിരുന്നു. ബന്ധുവായ കുട്ടിയും കളിയാക്കാൻ തുടങ്ങിയതോടെ ദേഷ്യം വർധിച്ചു," പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) (കൊലപാതകം), ജുവനൈൽ ജസ്റ്റിസ് നിയമം 2015 എന്നിവ പ്രകാരം പോലീസ് കേസെടുത്തു. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു.