ജയ്പൂർ: ഫീസ് വർധനവിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ കാണാൻ വിസമ്മതിച്ച ബാർമർ ജില്ലാ കളക്ടർ ടീന ദാബിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കളക്ടർ വെറുമൊരു 'റീൽ സ്റ്റാർ' ആണെന്നും മാധ്യമശ്രദ്ധ ലഭിക്കുന്ന പരിപാടികളിൽ മാത്രമേ അവർക്ക് താൽപ്പര്യമുള്ളൂ എന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി.(Tina Dabi is just a 'reel star', Criticism that she is not interested in students' problems)
ബാർമറിലെ മഹാറാണ ഭൂപാൽ കോളേജിലെ പരീക്ഷാ ഫീസ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജസ്ഥാൻ സർവകലാശാലയിലെ വിദ്യാർത്ഥികൾ സമരം നടത്തിയത്. കളക്ടറെ കണ്ട് പരാതി നൽകാൻ എത്തിയ തങ്ങളെ കാണാൻ അവർ തയ്യാറായില്ലെന്നും പകരം തങ്ങളെ അറസ്റ്റ് ചെയ്യിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. "ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യാനും റീൽസുകൾ ഉണ്ടാക്കാനുമാണ് കളക്ടർക്ക് താൽപ്പര്യം. വിദ്യാർത്ഥികളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ അവർക്ക് ആത്മാർത്ഥതയില്ല." - സമരക്കാർ പറഞ്ഞു.
വിദ്യാർത്ഥികളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ടീന ദാബി പ്രതികരിച്ചു. ഫീസ് വർധന പിൻവലിക്കുമെന്ന് വൈസ് ചാൻസലർ നേരത്തെ ഉറപ്പ് നൽകിയതാണെന്നും ഈ വിഷയത്തിൽ തന്റെ ഇടപെടൽ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി. റോഡ് ഉപരോധിച്ച വിദ്യാർത്ഥികളെ ഗതാഗത തടസ്സം ഒഴിവാക്കാൻ പോലീസ് മാറ്റുക മാത്രമാണ് ചെയ്തതെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.
"വൈറൽ ആകാൻ വേണ്ടി വിദ്യാർത്ഥികൾ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഞാൻ ഒരു മെഡിക്കൽ കോളേജ് പരിപാടിയിലായിരുന്നു. അനാവശ്യമായി ഗതാഗതം തടസ്സപ്പെടുത്തിയാൽ നിയമപരമായ നടപടി സ്വീകരിക്കുന്നത് സാധാരണമാണ്." - ടീന ദാബി കൂട്ടിച്ചേർത്തു. യുപിഎസ്‍സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ശ്രദ്ധേയയായ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ടീന ദാബി.