
രാജസ്ഥാൻ: വീടുകളിലേക്ക് അതിക്രമിച്ച് കയറുന്ന വന്യജീവികളെക്കുറിച്ച് ധാരാളം വാർത്തകൾ വരാറുണ്ടെങ്കിലും, ഇറ്റാവയിലെ ബഞ്ചാരി ഗ്രാമത്തിൽ നടന്ന സംഭവം തികച്ചും അവിശ്വസനീയമാണ്. രാത്രിയിൽ ഒരു വീട്ടിലേക്ക് കയറിവന്ന എട്ടടി നീളവും 80 കിലോ ഭാരവുമുള്ള കൂറ്റൻ മുതലയെ തോളിൽ ചുമന്ന് മാറ്റുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രാത്രി വൈകി വീട്ടിലെത്തിയ ഈ അപ്രതീക്ഷിത അതിഥിയെ കണ്ട് വീട്ടുകാർ ഭയന്ന് നിലവിളിച്ചു. അയൽക്കാരും മുതലയുടെ വലിപ്പം കണ്ട് ഭയന്ന് പിൻമാറി. ഉടൻ തന്നെ ഗ്രാമവാസികൾ വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും, ഉദ്യോഗസ്ഥർ എത്താൻ വൈകിയതോടെ വീട്ടുകാർ ആശങ്കയിലായി.
'കടുവ'യുടെ സിനിമാ സ്റ്റൈൽ രക്ഷാപ്രവർത്തനം
രക്ഷാപ്രവർത്തനത്തിനായി മണിക്കൂറുകൾ കാത്തിരുന്ന വീട്ടുകാർ ഒടുവിൽ പ്രദേശത്തെ വന്യജീവി വിദഗ്ധനും 'കടുവ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്നയാളുമായ ഹയാത്ത് ഖാനെ സമീപിച്ചു. സഹായത്തിനായി വിളി വന്ന ഉടൻ തന്നെ ഹയാത്തും സംഘവും സ്ഥലത്തെത്തി.
സിനിമാ സ്റ്റൈലിലായിരുന്നു ഹയാത്ത് ഖാൻ മുതലയെ പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു. മുതല അക്രമിക്കാതിരിക്കാൻ ആദ്യം അതിന്റെ വായിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു. പിന്നാലെ മുൻകാലുകളും പിൻകാലുകളും കയറുകൾ ഉപയോഗിച്ച് കെട്ടി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ, ഹയാത്ത് ഖാൻ കൂറ്റൻ മുതലയെ തന്റെ ചുമലിലെടുത്ത് വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന രംഗം വീഡിയോയിൽ കാണാം.
കൂട്ടംകൂടി നിന്ന ഗ്രാമവാസികൾക്കിടയിലൂടെ മുതലയെ ചുമന്ന് വാഹനത്തിലേക്ക് കയറ്റുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
രാത്രി 11 മണിയോടെ വാഹനത്തിൽ കയറ്റിയ മുതലയെ പിറ്റേന്ന് രാവിലെ ഗെറ്റ പ്രദേശത്തിനടുത്തുള്ള ചമ്പൽ നദിയിലേക്ക് സുരക്ഷിതമായി വിട്ടയച്ചു. സ്വന്തം ജീവൻ പോലും പണയം വെച്ച് ഹയാത്ത് ഖാൻ നടത്തിയ ഈ ധീരമായ പ്രവൃത്തിയെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രശംസിക്കുന്നത്. "എല്ലാ മൃഗസ്നേഹികൾക്കും യഥാർത്ഥ പ്രചോദനമാണിത്" എന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ കമന്റ്.