

മധ്യപ്രദേശ്, ഛത്തർപൂർ: നിയമം പാലിക്കേണ്ടവർ തന്നെ നിയമലംഘനം നടത്തുമ്പോൾ എന്ത് ചെയ്യണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്ന് പുറത്തുവന്ന വീഡിയോയിൽ. റോഡിൽ തള്ളിയ മാലിന്യം തിരികെ വീട്ടുമുറ്റത്ത് തന്നെ നിക്ഷേപിക്കാൻ ബി.ജെ.പി. നേതാവിനോട് ഉത്തരവിട്ടിരിക്കുകയാണ് ചീഫ് മുനിസിപ്പൽ ഓഫീസർ (സി.എം.ഒ.). സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
സംഭവിച്ചതിങ്ങനെ
ബി.ജെ.പി. നേതാവായ മഹേഷ് റായി ദീപാവലി ആഘോഷത്തിന് ശേഷമുള്ള മാലിന്യം തൻ്റെ പറമ്പിന് പുറത്തെ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഒഴിഞ്ഞ മധുരപലഹാരപ്പെട്ടികൾ, വാഷിംഗ് ഡിറ്റർജൻ്റ് പാക്കറ്റുകൾ, പേപ്പറുകൾ എന്നിവയായിരുന്നു മാലിന്യത്തിൽ ഉണ്ടായിരുന്നത്.സി.എം.ഒ.യുടെ നടപടി: പതിവ് പരിശോധനയ്ക്കിടെയാണ് മാലിന്യം ചീഫ് മുനിസിപ്പൽ ഓഫീസർ ശൈലേന്ദ്ര സിംഗിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.പിന്നാലെ ശുചീകരണ തൊഴിലാളിയെ വിളിച്ച്, "അവൻ്റെ വീട്ടിലെ മാലിന്യം മുഴുവൻ അവൻ വീട്ടിൽ തന്നെ തള്ളൂ" എന്ന് അദ്ദേഹം ആവശ്യപ്പെടുന്നതും മാലിന്യം തിരികെ വീട്ടുമുറ്റത്ത് നിക്ഷേപിക്കുന്നതും വീഡിയോയിൽ കാണാം.
രാഷ്ട്രീയ ഇടപെടലും ജനപിന്തുണയും
സംഭവത്തിനിടെ, കൃത്യമായ മാലിന്യ സംസ്‌കരണം ചെയ്യാതെ വീട്ടിലേക്ക് മാലിന്യം നിക്ഷേപിച്ചാൽ പോലീസിൽ പരാതിപ്പെടുമെന്ന് ഒരാൾ ചീഫ് മുനിസിപ്പൽ ഓഫീസറെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കേൾക്കാം.വീഡിയോ വൈറലായതിന് പിന്നാലെ സി.എം.ഒ. ശൈലേന്ദ്ര സിംഗിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'രാഷ്ട്രീയക്കാരും നിയമങ്ങൾ പാലിക്കണം' എന്ന് നിരവധി പേർ കമൻ്റ് ചെയ്തു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് തെളിയിച്ച ഉദ്യോഗസ്ഥൻ്റെ നടപടിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.