

ബെംഗളൂരു: ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിൻ്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് നടി തന്നെയാണെന്നും പോലീസ് കണ്ടെത്തി.
ഈ മാസം നാലിന് പുലർച്ചെയാണ് അപകടം നടന്നത്. ബൈതാരയാണപുരയിലെ നിത്യ ഹോട്ടലിന് സമീപം, അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രികരായ കിരൺ, അനുഷ, അനിത എന്നിവരെയാണ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.അപകടത്തിൽ മൂന്ന് പേർക്കും പരുക്കേറ്റിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് വാഹനം ദിവ്യ സുരേഷിൻ്റേതാണെന്ന് വ്യക്തമായത്. കാർ ഓടിച്ചത് നടി തന്നെയാണെന്നും പോലീസ് കണ്ടെത്തി.വാഹനം പിടിച്ചെടുത്തതായി ട്രാഫിക് വെസ്റ്റ് ഡി.സി.പി. അനൂപ് ഷെട്ടി അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് കേസിൻ്റെ തുടർനടപടികൾ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.