കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ ദുര്‍ഗാപുരില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പ്രദേശവാസികളായ അപു ബൗരി(21), ഫിര്‍ദൗസ് ഷേഖ്(23), ഷേഖ് റിയാജുദ്ദീന്‍(31) എന്നിവരെയാണ് പിടിയിലായത്. ഇവര്‍ക്കുപുറമേ ഷേഖ് സോഫിഖുല്‍ എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെയെല്ലാം ഉടന്‍ കോടതിയില്‍ ഹാജരാക്കും.
അതേസമയം, വിദ്യാര്‍ഥിനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാളെ പോലീസ് ചോദ്യംചെയ്യണമെന്ന് ദേശീയ വനിതാ കമ്മിഷനംഗം അര്‍ച്ചന മജുംദാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ദുര്‍ഗാപുരിലെ ഐക്യു സിറ്റി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ക്രൂരമായ സംഭവം നടന്നത്. സുഹൃത്തിനൊപ്പം പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ വളയുകയും തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗംചെയ്യുകയുമായിരുന്നു. ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിനി ഇപ്പോഴും ചികിത്സയിലാണ്.