National
വാഹനാപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ഇനി പാരിതോഷികം ലഭിക്കും
വാഹനാപകടങ്ങളിൽ പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്ന ആളുകൾക്ക് പാരിതോഷികമായി കേന്ദ്രസർക്കാർ 25,000 രൂപ നൽകും. നടൻ അനുപം ഖേറിനൊപ്പം നാഗ്പൂരിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള ഒരു പരിപാടിയിലാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
അപകടത്തിൽ പരുക്കേറ്റവർക്ക് ആദ്യ ഏഴ് ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ വരെ സർക്കാർ ആശുപത്രി ചെലവ് വഹിക്കുമെന്ന സ്‌കീം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കേന്ദ്രം പ്രഖ്യാപിച്ചത്. അപകടത്തെക്കുറിച്ച് 24 മണിക്കൂറിനകം പൊലീസിന് വിവരം ലഭിച്ചാൽ ഇരയുടെ ചികിത്സയുടെ ചിലവ് സർക്കാർ വഹിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിരുന്നു.