
ന്യൂഡൽഹി: ഇന്ത്യൻ ഭാഷകൾ രാജ്യത്തിന്റെ സ്വത്വത്തിന്റെ ആത്മാവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ(Amit Shah). മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഐഎഎസ് അശുതോഷ് അഗ്നിഹോത്രി രചിച്ച 'മെയിൻ ബൂന്ദ് സ്വയം, ഖുദ് സാഗർ ഹൂൺ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും ലോകത്തെ മാതൃഭാഷകളിലൂടെ അഭിമാനത്തോടെ നയിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
"നമ്മുടെ രാജ്യം, നമ്മുടെ സംസ്കാരം, ചരിത്രം, നമ്മുടെ മതം എന്നിവ മനസ്സിലാക്കാൻ ഒരു വിദേശ ഭാഷയും മതിയാകില്ല. പകുതി വെന്ത വിദേശ ഭാഷകളിലൂടെ സമ്പൂർണ്ണ ഇന്ത്യ എന്ന ആശയം സങ്കൽപ്പിക്കാൻ കഴിയില്ല. ഈ പോരാട്ടം എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. പക്ഷേ ഇന്ത്യൻ സമൂഹം അതിൽ വിജയിക്കുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്. ഒരിക്കൽ കൂടി, ആത്മാഭിമാനത്തോടെ, നമ്മൾ നമ്മുടെ സ്വന്തം ഭാഷകളിൽ നമ്മുടെ രാജ്യത്തെ ഭരിക്കും, ലോകത്തെ നയിക്കും. ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻ തന്നെ ലജ്ജ തോന്നും - അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല. ദൃഢനിശ്ചയമുള്ളവർക്ക് മാത്രമേ മാറ്റം കൊണ്ടുവരാൻ കഴിയൂ. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലെങ്കിൽ, നമ്മൾ യഥാർത്ഥ ഇന്ത്യക്കാരായി തുടരില്ല." - അമിത് ഷാ പറഞ്ഞു.