
ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ 41 പേർ മരിക്കാൻ ഇടയായ സംഭവത്തിൽ ടിവികെ നേതാവും സിനിമ താരവുമായ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സത്യരാജ്. തെറ്റ് ചെയ്തവർ അത് തിരുത്താൻ ശ്രമിക്കണമെന്നും അറിയാതെ സംഭവിച്ചതാണെങ്കിൽ ഇനി അത് ആവർത്തിക്കാതെ നോക്കണമെന്നും സത്യരാജ് വ്യക്തമാക്കി.
"പിഴവ് അറിയാതെ സംഭവിക്കുന്നതാണ്. തെറ്റ് അറിഞ്ഞുകൊണ്ട് ചെയ്യുന്നതുമാണ്. പിഴവ് സംഭവിച്ചതാണെങ്കിൽ അത് തിരുത്താൻ ശ്രമിക്കണം. തെറ്റ് ചെയ്തതാണെങ്കിൽ ഇനി അത് ആവർത്തിക്കാതിരിക്കാൻ നോക്കണം. ചെറിയ പിഴവ് ആണെങ്കിൽ അത് തിരുത്തുകയും വേണം." - എന്നാണ് സത്യരാജ് പറഞ്ഞത്.
അതേസമയം, കരൂരിലെ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വിജയ് യുടെ പാർട്ടി സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് ടിവികെ ഹർജി സമർപ്പിച്ചത്. അന്വേഷണം സിബിഐക്കോ അല്ലെങ്കിൽ പ്രത്യേക അന്വേഷണസംഘത്തിനോ കൈമാറണം എന്നാണ് പാർട്ടിയുടെ ആവശ്യം. അതേസമയം, വിജയ് യുടെ വീടിനുനേരെ ബോബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് ചെന്നൈയിലെ വസതിക്ക് ചുറ്റും പോലീസ് സുരക്ഷ ശക്തമാക്കി.