പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ജൻ സുരാജ് പാർട്ടി സ്ഥാപകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. ആത്മാർത്ഥമായ ശ്രമം നടത്തിയിട്ടും പരാജയപ്പെട്ടു എന്ന് തുറന്നുസമ്മതിച്ച അദ്ദേഹം, ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയാതെ പോയത് വലിയ തിരിച്ചടിയാണെന്നും പറഞ്ഞു.(This is my failure, Prashant Kishor says he will be taking all the blame for Bihar failure )
"തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. ഇത് എൻ്റെ പരാജയമാണ്. ജനങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു." തോൽവിയുടെ പശ്ചാത്തലത്തിൽ ആത്മപരിശോധന നടത്തും. ഇതിനായി ഗാന്ധി ആശ്രമത്തിൽ പോയി ഒരു ദിവസത്തെ മൗനവ്രതവും ഉപവാസവും അനുഷ്ഠിക്കും.
"വോട്ട് കിട്ടാത്തത് പരാജയം തന്നെയാണ്. എങ്കിലും ജാതി കാർഡിന് അപ്പുറം വിഷയങ്ങൾ ഉന്നയിക്കാൻ ഇരു മുന്നണികളെയും പ്രേരിപ്പിക്കാൻ ജൻ സുരാജിന് സാധിച്ചു. ബിഹാറിൽ നിന്ന് ഞാൻ ഒളിച്ചോടില്ല, ശക്തമായി പോരാടുക തന്നെ ചെയ്യും. അഴിമതിയിൽ നിന്ന് ബിഹാറിനെ മോചിപ്പിക്കും. നിയമസഭയിൽ ഉണ്ടാകില്ല, പക്ഷേ ജനങ്ങൾക്കൊപ്പം ഉണ്ടാകും." പതിനായിരം രൂപയ്ക്ക് ജനങ്ങൾ വോട്ട് വിറ്റെന്ന് കരുതുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ജനങ്ങൾക്കായി ജൻ സുരാജിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ബിഹാർ രാഷ്‌ട്രീയത്തിൽ തിരുത്തൽ ശക്തിയാകുമെന്നും പ്രശാന്ത് കിഷോർ മാധ്യമങ്ങളോട് പറഞ്ഞു.