ചെന്നൈ: മധുരയിലെ തിരുപ്പരങ്കുൺട്രം മലയിലെ ദർഗയ്ക്ക് സമീപം ദീപം തെളിക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലുകൾ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഡിസംബർ 12-ലേക്ക് മാറ്റി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും ജില്ലാ കളക്ടറുമാണ് ഉത്തരവിനെതിരെ അപ്പീൽ നൽകിയിരിക്കുന്നത്.(Thiruparankundram Deepam case, Explanation in the High Court on December 12)
അതേസമയം, ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിരസിച്ചു. ജില്ലാ കളക്ടർക്കു വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ഹാജരായി.
കേസ് പരിഗണിച്ച ജസ്റ്റിസ് സ്വാമിനാഥനെതിരെ ജാതി പറഞ്ഞുള്ള അധിക്ഷേപം നടക്കുന്നതായി പ്രധാന ഹർജിക്കാരനായ ഹിന്ദു മുന്നണി നേതാവ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനെ തുടർന്ന്, "എല്ലാവരും മാന്യത പുലർത്തണം, കോടതിയുടെ ക്ഷമ പരീക്ഷിക്കരുത്," എന്ന് ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
ദീപം തെളിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൻ്റെ കാരണം അറിയിക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ സി.ഐ.എസ്.എഫിന് (CISF) നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് ഈ മാസം 9-ലേക്ക് മാറ്റിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് തിരുപ്പരങ്കുൺട്രം മലയിലെ ഈ നിയമ പോരാട്ടം.