
ചെന്നൈ : തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ കാണാതായ പതിമൂന്ന് വയസുകാരനെ വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൊഗനക്കല്‍ റോഡിന് സമീപത്തുള്ള വനപ്രദേശത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അഞ്ചെട്ടി ഗ്രാമത്തിലെ രോഹിത് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച വാഹനത്തിലെത്തിയ അജ്ഞാതസംഘം രോഹിത്തിനെ തട്ടി കൊണ്ട് പോയി എന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
രോഹിത്തിനെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനം അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.തട്ടിക്കൊണ്ട് പോയതില്‍ ബന്ധം ഉണ്ടെന്ന് ആരോപിച്ച് നാട്ടിലെ രണ്ട് ചെറുപ്പക്കാരെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു.
അന്വേഷണത്തില്‍ പോലീസിനുണ്ടായ വീഴ്ചയാണ് രോഹിത്തിന്റെ മരണത്തിന് കാരണം എന്ന് ആരോപിച്ച് നൂറ് കണക്കിന് ആളുകള്‍ അഞ്ചെട്ടി ബസ് സ്റ്റാന്‍ഡിന് സമീപം തടിച്ചുകൂടി. കാണാനില്ല എന്ന പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണങ്ങള്‍ ഒന്നും നടന്നില്ല എന്ന് രോഹിത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു.രോഹിത്തിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.