ബംഗളൂരു: പൂർണ നഗ്നനായി മാസ്‌ക് മാത്രം ധരിച്ചെത്തി ചുമര് തുരന്ന് കള്ളൻ മൊബൈൽഫോൺ ഷോപ്പിൽ നിന്ന് മോഷ്ടിച്ചത് വിലപിടിപ്പുള്ളതടക്കം 80 ഓളം സ്മാർട്ട്‌ഫോണുകൾ. മോഷ്ടാവിനെ പൊലീസ് പിന്നീട് പിടികൂടി. കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ ബംഗളൂരുവിലെ ബൊമ്മനഹള്ളിയിലായിരുന്നു സംഭവം. പിറ്റേന്ന് രാവിലെ ഉടമ, കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടനെ പൊലീസിനെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷണ രീതിയെക്കുറിച്ച് മനസിലായതും മോഷ്ടാവിനെ പിടികൂടിയതും.
ഗാർഡൻ ടില്ലറുപയോഗിച്ചാണ് മോഷ്ടാവ് ചുമര് തുരന്നത്. പുതിയ വസ്ത്രമായതിനാല്‍ പൊടിയും ചളിയുമാകുമെന്ന് കരുതിയാണ് നഗ്നനായി പണി തുടങ്ങിയത്. അയാളുടെ മുഖത്തൊരു മാസ്ക് മാത്രമാണ് ഉണ്ടായിരുന്നത്. 20 മിനുറ്റിനുള്ളിൽ ഷോപ്പിൽ നിന്ന് ഫോണുകളെല്ലാം എടുത്ത് ഒരു തുണിയിൽ പൊതിഞ്ഞ് ദ്വാരത്തിലൂടെ പുറത്തേക്കിട്ടു. ശേഷം വസ്ത്രം ധരിച്ച് സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്നാണ് കള്ളനെ ഒരു ദിവസം കൊണ്ട് പിടികൂടിയത്. ഇതേ ഷോപ്പിലേക്ക് രണ്ട് ദിവസം മുമ്പ് സ്മാർട്ട്‌ഫോൺ വാങ്ങാനായി സുഹൃത്തിനൊപ്പം മോഷ്ടാവ് എത്തിയിരുന്നു. എന്നാൽ പണം ഇല്ലാത്തതിനാൽ വാങ്ങിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.