
ഒഡീഷ: സമുദായത്തിന്റെ നിർദ്ദേശങ്ങൾ മറികടന്നു പ്രണയിച്ച് വിവാഹിതരായ ദമ്പതികൾക്ക് താലിബാൻ മോഡൽ ശിക്ഷ നൽകി ഗ്രാമപഞ്ചായത്ത്. ഒഡീഷയിലെ റായ്ഗഡ് ജില്ലയിൽ നിന്നാണ് ഹൃദയഭേദകമായ വാർത്ത പുറത്ത് വരുന്നത്. കല്യാൺസിംഗ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ചമജോഡി ഗ്രാമത്തിൽ, സമുദായ പാരമ്പര്യങ്ങൾ മറന്നു പ്രണയിക്കുകയും, തുടർന്ന് വിവാഹിതരാകുകയും ചെയ്ത ദമ്പതികൾക്കാണ് ക്രൂര പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നത്. ശുദ്ധീകരണ ചടങ്ങിന്റെ പേരിൽ കാളകളെപ്പോലെ നിലം ഉഴുതുമറിക്കാൻ സമൂഹത്തിലെ രോഷാകുലരായ ആളുകൾ ഇവരെ നിർബന്ധിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷമാണ് പ്രാദേശിക ഭരണകൂടം കേസ് അറിഞ്ഞത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം യുവാവ്, മുറ പ്രകാരം തന്റെ അമ്മായിയുടെ സ്ഥാനത്ത് വരുന്ന യുവതിയെ വിവാഹം കഴിച്ചു, ഇത് സമൂഹത്തിന്റെ കണ്ണിൽ പൂർണ്ണമായും നിഷിദ്ധമായി. ഇരുവരും തമ്മിൽ രക്തബന്ധമുണ്ടായിരുന്നുവെന്നും അതിനാൽ അവരുടെ വിവാഹം ഗോത്ര പാരമ്പര്യങ്ങൾക്കും സാമൂഹിക മാനദണ്ഡങ്ങൾക്കും എതിരായിരുന്നുവെന്നും ഗ്രാമവാസികൾ പറയുന്നു.
കാര്യം ഗ്രാമത്തിലെ മുതിർന്നവരുടെ അടുത്തെത്തിയപ്പോൾ, അവർ പഞ്ചായത്ത് എന്ന പേരിൽ "കോടതി" നടത്തി ഇരുവർക്കും ശിക്ഷ വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ഒരു കലപ്പയിൽ കെട്ടിയിട്ട് വയലുകൾ ഉഴുതുമറിക്കാൻ നിർബന്ധിച്ചു. ശുദ്ധീകരണ ചടങ്ങുകൾക്ക് ശേഷം ഗ്രാമം വിട്ടുപോകാൻ ഉത്തരവിട്ടതായി ഗ്രാമവാസികൾ പറഞ്ഞു.
ഇതിനുശേഷം അവർ എവിടേക്കാണ് പോയതെന്ന് ആർക്കും അറിയില്ല. സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഗ്രാമത്തലവനായ കുർഷിക, രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വിവാഹത്തിന്റെ പാപത്തിൽ നിന്ന് മോചനം നേടുന്നതിനായി ഞങ്ങൾ ഒരു ശുദ്ധീകരണ ചടങ്ങ് നടത്തിയതായി പറഞ്ഞു. ഈ ചടങ്ങ് നടത്തിയിരുന്നില്ലെങ്കിൽ, ഞങ്ങളുടെ വയലുകളിലെ വിളകൾ നശിപ്പിക്കപ്പെടുമായിരുന്നു എന്നും ഇയാൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.