ന്യൂഡൽഹി: ശശി തരൂരിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് വാക്താവ് ജയ്‌റാം രമേശ്. താനടക്കം കോടാനുകോടി പേർ കോൺഗ്രസിലുണ്ട്, 'കോൺഗ്രസിൽ നിൽക്കുന്നതും പ്രവർത്തകനായി തുടരുന്നതും തമ്മിൽ വ്യത്യാസമുണ്ട്' എന്നായിരുന്നു ജയ്‌റാം രമേശിന്റെ പരാമർശം.
പാകിസ്താന്റെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് വ്യക്തമാക്കാൻ ലോകരാജ്യങ്ങളിലേക്ക് ഇന്ത്യ അയക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസിനോട് പേരുകൾ നിർദേശിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നൽകിയ പേരുകളിൽ ഇല്ലാത്ത ശശി തരൂരിനെയാണ് ഒരു സംഘത്തിന്റെ തലവനായി തെരഞ്ഞെടുത്തത്. തരൂരിനെ തെരഞ്ഞെടുത്തതിൽ അതൃപ്തി നിലനിൽക്കെയാണ് രമേശിന്റെ പരാമർശം എന്നതും ശ്രദ്ധേയമാണ്.
എന്നാൽ, കിരൺ റിജിജു മാത്രമാണ് ഇക്കാര്യങ്ങൾ കോൺഗ്രസുമായി സംസാരിച്ചതെന്നും ക്ഷണം ലഭിച്ച കാര്യം തരൂർ അറിയിച്ചിട്ടില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു. പട്ടികയിൽ ഉൾപ്പെടാത്ത തരൂരിനെ എങ്ങനെ തെരഞ്ഞെടുത്തു എന്ന കാര്യം കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ല.