
പട്ന: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഒരു വീഡിയോ ഇപ്പോൾ ചർച്ചാ വിഷയം. സ്വർണക്കടയിൽ മോഷണം നടത്തുകയും അത് പിടിക്കപ്പെടുകയും ചെയ്‌ത ഒരു യുവതിയുടെ വീഡിയോ വൈറൽ ആയിരിക്കുന്നത്.
ബിഹാറിലെ നളന്ദയിലെ ജ്വല്ലറിയിലാണ് സംഭവം നടന്നത്. നല്ല തിരക്കുള്ള സമയം കടയിലേക്ക് ധാരാളം ആളുകൾ ആഭരണങ്ങൾ വാങ്ങാനായി എത്തിയിരുന്നു. കടയിലെ മൂന്ന് ജീവനക്കാർ വാങ്ങാനെത്തിയവർക്ക് ആഭരണങ്ങൾ കാണിച്ചു കൊടുക്കുന്നതിന്റെ തിരക്കിലും.
കടയുടെ മൂലയിൽ ചുവന്ന നിറമുള്ള ചുരിദാർ ധരിച്ച ഒരു സ്ത്രീ മൂക്കുത്തി ഓരോന്നായി നോക്കുന്ന വീഡിയോയിൽ കാണാം. തുടർന്ന് ജീവനക്കാരൻ ആഭരങ്ങൾ നോക്കാൻ വേണ്ടി മാറുമ്പോൾ യുവതി മൂക്കുത്തി വിദഗ്ധമായി വായിലേക്കിടുന്നത് കടയിലെ സിസിടിവിയിൽ പതിഞ്ഞു. മൂന്ന് തവണ ഇങ്ങനെ ചെയ്തതിന്‍റെ ദൃശ്യം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞു.
മൂക്കുത്തികൾ തിരികെവയ്ക്കും മുൻപ് ജീവനക്കാരൻ എണ്ണിനോക്കി. മൂക്കുത്തികളുടെ എണ്ണം കുറഞ്ഞതായി ജീവനക്കാരന് മനസിലായി. തുടർന്ന് കടയുടമയും ജീവനക്കാരും ചേർന്ന് യുവതിയെ ചോദ്യംചെയ്യാൻ തുടങ്ങി. പക്ഷേ താൻ എടുത്തില്ലെന്ന് യുവതി ആവർത്തിച്ചു. സുരക്ഷാ ക്യാമറകൾ പരിശോധിച്ചപ്പോൾ യുവതി ആഭരണങ്ങൾ വായിലേക്കിടുന്നത് വ്യക്തമായി.
തുടർന്ന് യുവതിയുടെ വായ പരിശോധിച്ചപ്പോൾ മൂക്കുത്തികൾ ലഭിച്ചു. യുവതിയെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും ജ്വല്ലറി ഉടമ ഉടൻ പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ സ്വർണം തിരികെ ലഭിച്ചതിനാൽ ജ്വല്ലറി ഉടമ രേഖാമൂലം പരാതി നൽകിയില്ല. അതിനാൽ കേസെടുക്കാതെ പൊലീസ് സ്ത്രീകളെ വിട്ടയച്ചു