
മനോഹരമായ കാഴ്ചകളുടെ നഗരമാണ് ഡൽഹി. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഡൽഹിയിൽ സഞ്ചാരികളെ കാത്തിരിക്കുന്ന ഇടങ്ങൾ നിരവധിയാണ്. കണ്ണിനും മനസ്സിനും കുളിർമ്മ പകരുന്ന ഒട്ടനവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ മാത്രമല്ല ഇവിടെയുള്ളത്, ആത്മീയ തലങ്ങൾക്ക് ശാന്തി പകരുന്ന ക്ഷേത്രങ്ങളും നിരവധിയാണ് ഇവിടെ. ഭക്തരുടെ കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് അക്ഷർധാം. യമുന നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഹൈന്ദവ ക്ഷേത്രമാണ് അക്ഷർധാം (Akshardham Temple). സ്വാമിനാരായണ അക്ഷർധാം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഹൈന്ദവ ക്ഷേത്രം എന്ന നിലയിൽ മാത്രമല്ല, രാജ്യത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും കാത്തുസൂക്ഷിക്കുന്ന സാംസ്‌കാരിക കേന്ദ്രംകൂടിയാണ് ഈ ക്ഷേത്രം.
ഡൽഹിയിലെ വളരെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് അക്ഷർധാം. ബി.എ.പി.എസ്. സ്വാമിനാരായൺ സംഘടനയുടെ നേതൃത്വത്തിലാണ് ക്ഷേത്ര സമുച്ചയം പണിതീർത്തിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വാമിനാരായണനാണ്, അതുതന്നെയാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണവും. ക്ഷേത്രത്തിന് 141 അടി ഉയരവും 316 അടി വീതിയും 370 അടി നീളവുമാണ് ഉള്ളത്. ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് പിങ്ക് മണൽക്കല്ലും വെണ്ണക്കല്ലും ഉപയോഗിച്ചാണ്.
പഴയകാല വേദഗ്രന്ഥമായ സ്ഥപത്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ക്ഷേത്ര സ്മാരകത്തിന്റെ നടുവിലായി കാണപ്പെടുന്ന കുംഭഗോപുരത്തിനകത്തായി ഭഗവാൻ സ്വാമി നാരായണന്റെ 11 അടി ഉയരമുള്ള ഒരു ശില്പം കാണപ്പെടുന്നു. ഭഗവാൻ സ്വാമി നാരായണന്റെ പ്രതിഷ്‌ഠയ്ക്ക് ചുറ്റും മറ്റു ഉപദേവതകളുടെ ശിലകൾ സ്ഥാപിച്ചിരിക്കുന്നു. ഈ ശില്പങ്ങൾ എല്ലാം പഞ്ചലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഉരുക്ക്, കോൺക്രീറ്റ് തുടങ്ങിയ യാതൊരു വിധ സാധനങ്ങളും ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല എന്നത് മറ്റൊരു ശ്രദ്ധേയമായ ഘടകമാണ്. ഇതിനു പകരമായാണ് പിങ്ക് മണൽക്കല്ലും വെണ്ണക്കല്ലും ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിച്ചത്. അതുകൊണ്ടു തന്നെ ചുട്ടുപൊള്ളുന്ന വേനലിലും ക്ഷേത്രസമുച്ചയത്തില്‍ ചൂടു അനുഭവപ്പെടില്ല.
ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷത ഗജേന്ദ്രപീഠമാണ്. 148 ആനകളുടെ പ്രതിമകൾ അടങ്ങുന്നതാണ് ഗജേന്ദ്രപീഠം. കൊത്തിപണികളോടു കൂടിയ 234 തൂണുകൾ, 9 കുംഭഗോപുരങ്ങൾ, 20000 മൂർത്തീശില്പങ്ങൾ, ഹൈന്ദവ സന്യാസികളുടെ പ്രതിമകൾ എന്നിവയും ക്ഷേത്രത്തിന്റെ മറ്റ് പ്രതേകതകളാണ്. ക്ഷേത്രത്തിലെ കാഴ്ചകൾ ഒരൊറ്റ ദിവസം കൊണ്ട് കണ്ടു തീർക്കാൻ കഴിയില്ല. വിശ്വാസികളെ ക്ഷേത്രത്തിൽ കാത്തിരിക്കുന്നത് അത്രത്തോളം മനോഹര കാഴ്ചകളാണ്.
പ്രമുഖ ഹൈന്ദവ നേതാവായിരുന്ന യോഗിജി മഹാരാജാണ് യമുനയുടെ തീരത്ത് ഒരു വലിയ ക്ഷേത്രം പണിയുന്നതിനെ കുറിച്ച് ആഗ്രഹം 1968 ൽ പ്രകടിപ്പിക്കുന്നത്. അതിനായി അദ്ദേഹം ശ്രമങ്ങൾ നടത്തിയെങ്കിലും ക്ഷേത്ര നിർമ്മാണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. യോഗിജി മഹാരാജ അന്തരിച്ചതോടെ ഗുരുവിന്റെ സ്വപ്നങ്ങളെ പൂർത്തികരിക്കുന്നത്തിനായി 1982ൽ അദ്ദേഹത്തിന്റെ ശിഷ്യനായ സ്വാമി മഹാരാജ് തിരുമാനിക്കുന്നു. തുടർന്ന് 2005 ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഭക്തർക്കായി തുറന്നു കൊടുക്കുന്നു. അന്നത്തെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാം, പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ്, പ്രതിപക്ഷ നേതാവായിരുന്ന ലാൽ കൃഷ്ണ അദ്വാനി എന്നിവർ ചേർന്ന് 25,000 ത്തോളം അതിഥികളുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം രാഷ്ട്രത്തിനു സമർപ്പിച്ചു.
ഇന്ത്യയിലെ ഹിന്ദു സംസ്കാരത്തിന്റെ പതിനായിരം വർഷത്തെ പാരമ്പര്യത്തെയും ആചാരത്തെയും ആത്മീയതയെയും അടുത്തറിയാൻ ഈ ക്ഷേത്രം ഭക്തരെ സഹായിക്കുന്നു. 2007 ഡിസംബർ 17 ന് ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം എന്ന ഗിന്നസ് ലോക റെകോർഡ് ക്ഷേത്രം സ്വന്തമാക്കിയിരുന്നു. അക്ഷർധാമിലേക്കുള്ള പ്രവേശനത്തിന് ഒരാൾക്ക് എൺപത് രൂപയാണ് ടിക്കറ്റ് വില. പ്രവേശനവും ക്ഷേത്രത്തിനുള്ളിലെ ബോട്ട് സവാരിക്കും 250 രൂപയാണ് ചെലവ്. ഡൽഹിയിലെ ഗെയിംസ് വില്ലേജിന് സമീപമാണ് അക്ഷർധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.