
ഒന്നര സഹസ്രാബ്ദത്തോളം പഴക്കമുള്ള ചരിത്രം കല്ലുകളിൽ കൊത്തിവെച്ചാൽ എങ്ങനെയുണ്ടാകും? ഉത്തർപ്രദേശിലെ കാൺപൂരിന് അടുത്തുള്ള ഭിതർഗാവ് എന്ന ഗ്രാമത്തിലെത്തിയാൽ ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുന്നതാണ്. ഇവിടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ക്ഷേത്രത്തിലാണ്, ഭിതർഗാവ് ക്ഷേത്രം (Bhitargaon Temple). ഇന്ത്യയുടെ സുവർണ്ണയുഗമായ ഗുപ്ത സാമ്രാജ്യത്തിന്റെ കാലത്ത് നിർമ്മിച്ച ഈ പുരാതന ക്ഷേത്രത്തിന് സവിശേഷതകൾ ഏറെയാണ്. ഇന്നും ഇന്ത്യയിൽ അവശേഷിക്കുന്ന ഒരേയൊരു പഴക്കം ചെന്ന ഇഷ്ടിക കൊണ്ട് പണിത ക്ഷേത്രമാണ് ഭിതർഗാവ്.
ഗുപ്ത സാമ്രാജ്യത്തിന്റെ കാലം മുതലുള്ള ഏറ്റവും വലിയ ഇന്ത്യൻ ഇഷ്ടിക ക്ഷേത്രമായി ഭിതർഗാവ് ക്ഷേത്രം കണക്കാക്കപ്പെടുന്നു. കല്ലുകൾ കിട്ടാനില്ലാത്ത ഗംഗാ സമതലത്തിൽ, ഗുപ്ത ശില്പികൾ മൺകട്ടകളെ ഒരു കലാസൃഷ്ടിയായി പരിവർത്തനം ചെയ്യുകയായിരുന്നു. ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിനായി ചുട്ടെടുത്ത ഇഷ്ടികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഇഷ്ടികകൾക്കിടയിൽ പല വലുപ്പത്തിലുള്ള ടെറാക്കോട്ടാ ചിത്രഫലകങ്ങൾ ഭംഗിയായി പതിപ്പിച്ചാണ് ക്ഷേത്ര ചുമരുകൾ അലങ്കരിച്ചിരിക്കുന്നത്.
ഒട്ടേറെ സവിശേഷതകളാൽ സമ്പന്നമാണ് ഭിതർഗാവ് ക്ഷേത്രം. ഈ ക്ഷേത്രം പൂർണ്ണമായും ഇഷ്ടിക കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രംഒട്ടനവധി തവണ നവീകരിച്ചിട്ടുണ്ടെങ്കിലും, ഇന്നും ക്ഷേത്രത്തിന്റെ യഥാർത്ഥ സവിശേഷതകൾ ഇപ്പോഴും അതേപടി നിലനിൽക്കുന്നു. വടക്കേ ഇന്ത്യയിലെ ക്ഷേത്ര ശൈലിയായ നാഗര ശൈലിയുടെ ആദ്യകാല രൂപങ്ങളിൽ ഒന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. ക്ഷേത്ര ശിഖരമാണ് ക്ഷേത്രത്തിലെ ഏറ്റവും മനോഹരമായ സവിശേഷത. എന്നാൽ, പതിനെട്ടാം നൂറ്റാണ്ടിൽ ക്ഷേത്ര ശിഖരത്തിന് കാര്യമായി തകരാർ സംഭവിച്ചിരുന്നു.
കിഴക്കോട്ട് ദർശനമായി സ്ഥിതിചെയ്യുന്ന ക്ഷേത്രം ചതുരാകൃതിയിലുള്ള ഫലകത്തിന് മുകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. ഗർഭഗൃഹത്തിന് മുകളിൽ ഒരു ഉയരമുള്ള പിരമിഡാകൃതിയിലുള്ള ശിഖരം കാണുവാൻ സാധിക്കും. ശിവനെയും വിഷ്ണുവിനെയും ചിത്രീകരിക്കുന്ന ടെറാക്കോട്ട പാനലുകൾ കൊണ്ട് ചുവരുകൾ അലങ്കരിച്ചിരിക്കുന്നു. ശ്രീകോവിലിലേക്കുള്ള പ്രവേശന കവാടത്തിന് അർദ്ധവൃത്താകൃതിയിലുള്ള ഒരു കവാടമുണ്ട്. ഇഷ്ടികകൾ പരസ്പരം അഭിമുഖമായി സ്ഥാപിക്കുന്നതിന് പകരം അരികുകൾ പരസ്പരം അഭിമുഖമായി സ്ഥാപിച്ചിരിക്കുന്നു. 1877-78 കാലഘട്ടത്തിൽ സർ അലക്സാണ്ടർ കണ്ണിംഗ്ഹാം ആണ് ക്ഷേത്ര സ്ഥലം കണ്ടെത്തിയത്. ഇന്ത്യാ ഗവൺമെന്റിന്റെ ആദ്യത്തെ പുരാവസ്തു സർവേയറായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിന്റെ പുറം ചുവരുകളിലെ ടെറാക്കോട്ട പാനലുകൾ ഭിതർഗവിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ഹൈന്ദവ പുരാണങ്ങളിലെ രംഗങ്ങൾ ഈ ശില്പങ്ങൾ മനോഹരമായി ചിത്രീകരിക്കുന്നു. പ്രധാനമായും, വിഷ്ണു, ശിവൻ, പാർവതി, വരാഹ അവതാരം, ഗണപതി, എട്ട് കൈകളുള്ള വിഷ്ണു, മഹിഷാസുരമർദ്ദിനി, മറ്റ് ദേവതകൾ എന്നിവ ഇവിടെ കാണാം. കൂടാതെ, സീതാപഹരണം, നര-നാരായണ തപസ്സ്, വിവിധ മൃഗ രൂപങ്ങൾ, രാമായണത്തിലെ പുരാണ രംഗങ്ങൾ ക്ഷേത്രത്തിൽ കൊത്തിവച്ചിട്ടുണ്ട്.
ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) സംരക്ഷണയിലാണ് ഈ ക്ഷേത്രം. നൂറ്റാണ്ടുകൾക്കിടയിൽ മിന്നലേറ്റും മറ്റും ക്ഷേത്രത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും, പുനർനിർമ്മാണത്തിലൂടെ ഇതിന്റെ ആദ്യകാല പ്രൗഢി വീണ്ടെടുക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. കല്ലില്ലാത്ത നാട്ടിൽ, മൺകട്ടകൾക്ക് പോലും കലയുടെ സൗന്ദര്യവും അനശ്വരതയും നൽകാൻ സാധിക്കുമെന്ന് ഈ ക്ഷേത്രം ഓർമ്മപ്പെടുത്തുന്നു.
Summary: Bhitargaon Temple in Uttar Pradesh is one of the oldest surviving brick temples in India, built during the Gupta period in the 5th century CE. The temple showcases early Nagara-style architecture with exquisite terracotta carvings depicting deities and mythological figures. Despite centuries of decay, it stands as a testament to ancient India's artistic and architectural brilliance.