
ചണ്ഡിഗഡ്: ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിന്‍റെ ബന്ധുക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. മനു ഭാക്കറിന്‍റെ മാതൃസഹോദരൻ യുദ്ധ്വീർ സിങ്ങും മുത്തശ്ശി സാവിത്രി ദേവിയുമാണ് മരിച്ചത്. (Accident death)
ഹരിയാനയിലെ ചാർഖി ദാദ്രിയിൽ മഹേന്ദ്രഗഡ് ബൈപാസ് റോഡിൽ വെച്ചാണ് അപകടം സംഭവിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മനുവിന്‍റെ ബന്ധുക്കൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ ഡ്രൈവർ ഒളിവിലാണ്. അപകടത്തിനു പിന്നാലെ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കാർ ഡ്രൈവറെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അപകടത്തെ കുറിച്ച് മനു ഭാക്കറിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.