ഓർഡർ ചെയ്ത ട്രൗസർ ഡെലിവറി ചെയ്തില്ല; ഡെക്കാത്‌ലോൺ 35,000 നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ഓർഡർ ചെയ്ത ട്രൗസർ ഡെലിവറി ചെയ്തില്ല; ഡെക്കാത്‌ലോൺ 35,000 നഷ്ടപരിഹാരം നൽകണമെന്ന് കോടതി
Published on

ബംഗളൂരു: ഓർഡർ ചെയ്ത ട്രൗസർ ഉപഭോക്താവിന് ഡെലിവറി ചെയ്യാത്ത സംഭവത്തിൽ സ്പോർട്സ് ഉൽപന്നങ്ങളുടെ ഔട്ട്‍ലെറ്റായ ഡെക്കാത്‌ലോൺ 35,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മംഗളൂരു ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. സേവനത്തിൽ വരുത്തിയ വീഴ്ചക്ക് 25,000 രൂപയും കോടതിച്ചെലവായി 10,000 രൂപയുമാണ് നൽകേണ്ടത്. 1399 രൂപയുടെ ട്രക്കിങ് ട്രൗസർ ഓർഡർ ചെയ്ത മോഹിത് എന്ന 23കാരനാണ് നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിൽ മോഹിത് ട്രക്കിങ് ട്രൗസർ വാങ്ങാനായി ഡെക്കാത്‌ലോണുമായി ബന്ധപ്പെട്ടിരുന്നു. ബംഗളൂരു ഇ.ടി.എ മാളിലെ ഔട്ട്‍ലെറ്റിൽ മാത്രമാണ് ഈ ട്രൗസർ ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്നും പണമടച്ചാൽ പിന്നീട് ഡെലിവറി ചെയ്തുതരാമെന്നും ഡെക്കാത്‌ലോൺ പ്രതിനിധി ഇയാളോട് പറഞ്ഞതിനെ തുടർന്ന് മോഹിത് പണമടച്ചു.

എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ട്രൗസർ ലഭിക്കാതെ വന്നതോടെ ഷോപ്പിൽ അന്വേഷിച്ചു . ട്രൗസർ ഇപ്പോൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് മോഹിത് സ്റ്റോറിൽ നേരിട്ടെത്തിയപ്പോൾ, പണം തിരികെ നൽകാമെന്ന് ഡെക്കാത്‌ലോൺ അധികൃതർ പറഞ്ഞു. എന്നാൽ, തുടർന്നും ദിവസങ്ങൾ കഴിഞ്ഞിട്ടും പണമോ ട്രൗസറോ ലഭിച്ചില്ല.

ഇതോടെയാണ് മോഹിത് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ഡെക്കാത്‌ലോണിന് നോട്ടീസ് അയച്ചെങ്കിലും സ്ഥാപനം പ്രതകരിച്ചില്ല. ഇതേത്തുടർന്നാണ് 35,000 നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോക്തൃ കോടതി വിധിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com