മരണ ശേഷവും ജനിച്ച മണ്ണിന്റെ കാവൽ ദൈവമായി മാറിയ സൈനികൻ; ബാബാ ഹർഭജൻ സിംഗിനായി ഇന്ത്യൻ സേന പണിത ക്ഷേത്രവും, ആചാരങ്ങളായ പട്ടാള ദിനചര്യകളും|Baba Harbhajan Singh Temple

Baba Harbhajan Singh
Published on

സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്ക്, അവിടെ നാഥുലയ്ക്കും ജെലെപ്ല പാസിനും ഇടയിൽ ഒരു ക്ഷേത്രമുണ്ട്. ക്ഷേത്രം എന്ന് പറയുമ്പോൾ ഒരു മത്തിന്റെയും ആരാധനാലയം അല്ല, ഇന്ത്യൻ സേന ഒരു സൈനികനായി പണിതീർത്ത ക്ഷേത്രം. വ്യത്യസ്ത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തിൽ നമ്മുടെ രാജ്യത്ത് ഒട്ടനവധി ക്ഷേത്രങ്ങൾ ഉണ്ട്. എന്നാൽ ദേശത്തെ ശത്രുക്കളിൽ നിന്നും കാക്കുന്ന ഒരു സൈനികനായി ക്ഷേത്രം പണിതീർത്തതിനെ കുറിച്ച് അറിയാമോ? (Baba Harbhajan Singh Temple)

സിക്കിമിന്റെ ഇന്ത്യ-ചൈന അതിർത്തിയാണ് പ്രശസ്തമായ നാഥുല പാസ്. ഇന്ത്യൻ സൈന്യത്തിന്റെ വളരെ തന്ത്രപരമായ ഇടം കൂടിയാണ് ഇവിടം. ഇന്ത്യ-ചൈന സൈനികർ പലപ്പോഴും കൂടിക്കാഴ്ചകൾ നടത്താൻ പദ്ധതിയിടുന്ന നാല് അതിർത്തി പോയിന്റുകളിൽ ഒന്നാണ് നാഥുല പാസ്. ഇവിടെയാണ് മരണ ശേഷവും ജനിച്ച മണ്ണിനായി കാവൽ നിൽക്കുന്ന സൈനികന്റെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അറിയാം ഹർഭജൻ ബാബയും ബാബ കാവൽ നിൽക്കുന്ന ക്ഷേത്രത്തെ കുറിച്ചും.

1946 ഓഗസ്റ്റ് 30 ന് പഞ്ചാബിലെ കപ്പൂർത്തലയിൽ ഒരു സിഖ് കുടുംബത്തിൽ ജനിച്ച ബാബ ഹർഭജൻ സിംഗ് 20-ാം വയസ്സിൽ ഇന്ത്യൻ സൈന്യത്തിൽ ചേരുന്നു. പ്രാഥമിക സൈനിക പരിശീലനം പൂർത്തിയാക്കിയ ശേഷം ബാബ ഹർഭജൻ സിംഗ് പഞ്ചാബ് റെജിമെന്റിൽ ചേർന്നു, അവിടെ ഒരു സൈനിക ഉദ്യോഗസ്ഥൻ എന്ന നിലയിൽ തന്റെ ചുമതലകൾ കൃത്യമായി നിർവഹിച്ചു. ഹര്‍ഭജന്‍ സിംഗ് 1968 ല്‍ നാഥുലാം പ്രദേശത്ത് സേവനം നടത്തുന്നതിനിടെ തന്റെ 27-ാം വയസ്സിൽ വീരമൃത്യു വരിക്കുന്നു. ആഴമുള്ള അരുവിയിൽ വീണ അദ്ദേഹത്തിന്റെ ശരീരം മൂന്ന് ദിവസങ്ങൾക്കുശേഷമാണ് കണ്ടെത്തുന്നത്. ബാബ ഹർഭജൻ സിംഗ് നദിയിലെ ഒഴുക്കിൽപ്പെട്ടു എന്ന് മനസ്സിലായ സൈനികർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്തുവാൻ സാധിച്ചില്ല. അങ്ങനെ മൂന്ന് ദിവസത്തോളം തിരച്ചിൽ നീണ്ടു നിന്നും. തന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് സ്വപ്നത്തില്‍ വന്ന് ബാബ ഹർഭജൻ സിംഗ് തന്റെ മൃതദേഹം കിടക്കുന്ന സ്ഥലം കാട്ടിക്കൊടുത്തു. എന്നാൽ താൻ കാണുന്നത് വെറും സ്വപ്നം മാത്രമാണ് എന്ന് കരുതി ആ സൈനികൻ അത് വലിയ കാര്യമാക്കിയില്ല. എന്നാൽ സമയം കഴിയുംതോറും സ്വപനം സത്യമാണോ എന്ന തോന്നൽ ആ മനുഷ്യനിൽ ഉടലെടുക്കുവാൻ തുടങ്ങി. പിന്നെ ഒട്ടും വൈകിയില്ല മറ്റു സൈനികരെ വിവരം അറിയിക്കുന്നു. തുടർന്ന് സ്വപ്നത്തിൽ ബാബ ഹർഭജൻ സിംഗ് കാട്ടിക്കൊടുത്ത സ്ഥലത്ത് പരിശോധന നടത്തുന്നു. അത്ഭുതം എന്നവണ്ണം സ്വപ്നത്തിൽ കണ്ട അതെ ഇടത്ത് തന്നെ ബാബ ഹർഭജൻ സിംഗിൻ്റെ ശവശരീരം കണ്ടുകിട്ടി.

എന്നാൽ മരണശേഷവും പലര്‍ക്കും പലപ്പോഴായി ഹർഭജൻ സിംഗിന്റെ സാമീപ്യം അനുഭവപ്പെട്ടു തുടങ്ങി. ഇതോടെയാണ് ക്യാപ്റ്റൻ ഹർഭജൻ സിംഗ് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ആരാധിക്കുന്ന ബാബാ ഹർഭജനായി മാറിയത്. രാത്രികാലങ്ങളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ബാബ ഹർഭജൻ സിംഗിനെ പലരും കണ്ടതായി പറഞ്ഞിരുന്നു. മരണശേഷവും സിംഗ് തന്റെ സൈനിക ജോലി തുടർന്നു എന്നാണ് വിശ്വാസം. മിലിട്ടറി ക്യാംപുകളും താൻ ജോലിചെയ്തിരുന്ന അതിർത്തി പോസ്റ്റും ഒക്കെ സന്ദർശിക്കുന്ന ഹർഭജനെ പല സൈനികരും നേരിട്ട് കണ്ടതായും പറയപ്പെടുന്നു. ഹർഭജൻ സിംഗിന്റെ കിടക്കയിലെ ചുളിവുകൾ, കട്ടിലിനടുത്തെ ഷൂസ് ചെളിപുരണ്ട നിലയിലും കണ്ടത് ഇപ്പോഴും ഹർഭജൻ സിംഗ് ഒരു സൈനികൻ എന്നനിലയിൽ മരണശേഷവും തന്റെ ചുമതലകൾ നിറവേറ്റിയതിന്റെ തെളിവായി ചൂണ്ടിക്കാട്ടുന്നു.

സ്വപ്നത്തില്‍ അദ്ദേഹം പറഞ്ഞതനുസരിച്ചാണ് ക്ഷേത്രം പണിതീർക്കുന്നത്. സൈന്യം ക്ഷേത്രം പണിതതോടെ ബാബ ഹർഭജൻ സിംഗിന് ദൈവിക പരിവേഷം ലഭിക്കുകയായിരുന്നു. ഒരു പട്ടാളക്കാരന്റെ ദിനചര്യകളാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾ. ഹർഭജൻ സിംഗ് ബാബയുടെ ഓഫീസ് മുറിയും ക്ഷേത്രത്തിലുണ്ട്. ബാബയുടെ ഓഫീസ്, സ്റ്റോര്‍ റൂം, ലിവിംഗ് റൂം എന്നിങ്ങനെ മൂന്ന് മുറികളാണ് ക്ഷേത്രത്തിൽ. മറ്റു സൈനികരെ പോലെ ഹർഭജൻ സിംഗ് ബാബയ്ക്കും കൃത്യമായ കാലയളവിൽ അവധി നൽകാറുണ്ട്. എല്ലാ വര്‍ഷവും സെപ്തംബര്‍ 11ന് അദ്ദേഹത്തിന്റെ സാധനങ്ങളെല്ലാം പെട്ടിയിലാക്കി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് അദ്ദേഹത്തിന്റെ പേരില്‍ റിസര്‍വ്വ് ചെയ്ത സീറ്റില്‍ കയറ്റി പഞ്ചാബിലെ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് കൊണ്ടു പോകുന്നു. യാത്രയ്ക്കായി ട്രെയിനിൽ ബെർത്ത് മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടാകും. എന്നാൽ ഈ ബെർത്തിൽ ആരും തന്നെ ഉണ്ടാകില്ല, യാത്ര മുഴുവൻ ആ ബെർത്ത് കാലിയായിരിക്കും. ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള ചർച്ചകളിലും ബാബയ്ക്കായി ഒരു കസേര ഒഴിച്ചിട്ടിരിക്കുമത്രേ.

ഷൂസും വെള്ളക്കുപ്പികളുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഷൂസും വെള്ളക്കുപ്പികളും അർച്ചിപ്പിച്ച് പ്രാർത്ഥിച്ചാൽ രോഗശാന്തി ഉണ്ടാകുമെന്നാണ് വിശ്വാസം. ഇന്ത്യൻ സൈന്യത്തിലെ മരണശേഷം ബാബയുടെ സേവനത്തിനും ശക്തമായ ആത്മീയ സാന്നിധ്യത്തിനും ആദരസൂചകമായി, അദ്ദേഹത്തിന് ഓണററി ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകിയിരുന്നു. അദ്ദേഹത്തിന്റെ വരുമാനം നിലവിലുള്ള കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കും. ഇന്നും അതിർത്തിയിൽ ബാബ ദേശത്തിനായി കാവൽ നിൽക്കുന്നു എന്ന് സൈന്യം വിശ്വസിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com