
1985, മുംബൈ നഗരം. സമയം രാവിലെ നാലുമണി കഴിഞ്ഞു കാണും. സ്വപ്നങ്ങളുടെ നഗരം ഉറക്കം വെടിഞ്ഞ് ഉണർന്നു തുടങ്ങിയതേ ഉള്ളു. നഗരവീഥികളിലൂടെ പലരും പ്രഭാത നടത്തത്തിലായിരുന്നു. എന്നാൽ സിയോണിലെ ഇടുങ്ങിയ വഴിയോരത്ത് ഏതാനം മനുഷ്യർ എന്തോ കണ്ട് പേടിച്ച് നിൽക്കുകയാണ്. എന്തിനോ ചുറ്റു ജനക്കൂട്ടം ഇതിനകം തടിച്ചുകൂടിയിരുന്നു. നടപ്പാതയ്ക്ക് അരികിലായി ഒരു മനുഷ്യന്റെ ചേതനയറ്റ ശവശരീരം. അതൊരു പുരുഷനായിരുന്നു, ആ മനുഷ്യന്റെ മുഖം തിരിച്ചറിയുവാൻ കഴിയാത്ത വണ്ണം തല ചതഞ്ഞരഞ്ഞിട്ടുണ്ട്. ശവശരീരത്തിന് തോട്ട് അടുത്ത് തന്നെയായി രക്തം പുരണ്ട വലിയൊരു കല്ല്.
ജനക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ വിവരം പോലീസിനെ അറിയിക്കുന്നു. മിനിറ്റുക്കൾക്ക് ഉള്ളിൽ ചിറിപ്പാഞ്ഞ് പോലീസ് ജീപ്പ് സംഭവ സ്ഥലത്ത് എത്തുന്നു. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുന്നു. അതിനപ്പുറം വേണ്ടത്ര നടപടികൾ ഒന്നും തന്നെ പോലീസ് നടത്തുന്നില്ല. ഒറ്റനോട്ടത്തിൽ തന്നെ കൊലപാതകം എന്ന് വ്യക്തം. എന്നിട്ടും പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നില്ല. കൊല്ലപ്പെട്ടത് ഒരു യാചകനാണ്, ഉരോ പേരോ അറിയാത്ത മനുഷ്യന്റെ കൊലപാതകം പതിയെ മൂടപ്പെട്ടു.
അധികം വൈകാതെ സമാന രീതിയിൽ മറ്റൊരു യാചകൻ കൂടി കൊല്ലപ്പെടുന്നു. തൊട്ടു പിന്നാലെ അടുത്ത മനുഷ്യനും കൊല്ലപ്പെടുന്നു. അങ്ങനെ ഒന്നിന് പിറകെ ഒന്നായി അഞ്ചോളം മനുഷ്യരെ ആരോ കൊല്ലുന്നു. കൊല്ലപ്പെട്ടവരൊക്കെയും തെരുവോരത്ത് അന്തിയുറങ്ങുന്ന മനുഷ്യർ, അതു സമാന രീതിയിൽ. ഉറങ്ങി കിടന്ന മനുഷ്യരുടെ തലയിലേക്ക് ഭാരമുള്ള കല്ലുകൾ കൊണ്ട് അടിച്ചു കൊലപ്പെടുത്തും. ആദ്യമൊന്നും പോലീസ് ഈ കൊലപാതക പരമ്പരകൾ വലിയ കാര്യമാക്കിയില്ല. എന്നാൽ, മുംബൈയുടെ ഹൃദയഭാഗത്ത്, വഴിയോരത്ത് തങ്ങുന്ന മനുഷ്യരുടെ കൊലപാതകത്തിൽ എന്തോ ദുരുഹതയുണ്ടെന്ന് മനസ്സിലാകുന്ന പോലീസ് അന്വേഷണങ്ങൾ നടത്തുന്നു. ആദ്യം കൊല്ലപ്പെട്ട മനുഷ്യൻ മുതൽ ഒടുവിലായി കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നു. എല്ലാ കൊലപാതകത്തിനും സമാന സ്വഭാവം ഉണ്ട്. കൊല്ലപ്പെട്ടവർ എല്ലാം തന്നെ അനാഥരോ യാചകരോ ആണ്. എല്ലാവരെയും കൊലപ്പെടുത്തിയിരിക്കുന്നത് തലയിൽ 30 കിലോയോളം ഭാരമുള്ള കല്ലുകൾ കൊണ്ട് ഇട്ട്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് എല്ലാ കൊലപാതകവും അരങ്ങേറിയിരിക്കുന്നത്, അതും അർദ്ധരാത്രിയിൽ. തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ല. ഒടുവിൽ കൊലയാളി ഒരാളോ അല്ലെങ്കിൽ ഒരു സംഘമോ ആണ് എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. എന്നാൽ നിഗമനകൾക്ക് അപ്പുറം പോലീസിന്റെ പക്കൽ പ്രതിയിലേക്ക് നയിക്കുന്ന യാതൊരു തെളിവും ലഭിക്കുന്നില്ല. ചുരുക്കത്തിൽ അന്വേഷണം തുടങ്ങും മുന്നേ വഴിമുട്ടിയ അവസ്ഥ.
വൈകാതെ മുംബൈയിൽ അരങ്ങേറിയ കൊലപാതകങ്ങൾക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നു. അതോടെ കല്ലുകൊണ്ട് സാധു മനുഷ്യരെ കൊന്നു തള്ളിയ അജ്ഞാത കൊലയാളിക്ക് സ്റ്റോൺമാൻ (Stoneman) എന്ന വിളിപ്പേര് നൽകി. പോലീസും കൊലയാളിക്കായി നാടാകെ വലവിരിച്ചു. കിംഗ്‌സ് സർക്കിൾ മുതൽ മാട്ടുംഗ വരെയും, ബൈക്കുള മുതൽ കറി റോഡ് വരെയും, കൊലയാളി പിന്നെയും ഒട്ടനവധി മനുഷ്യരെ കൊല്ലപ്പെടുത്തി. 1986 മുതൽ 1988 വരെ 13 മനുഷ്യരുടെ ജീവനാണ് സ്റ്റോൺമാൻ അപഹരിച്ചത് എന്നിരുന്നാലും അന്വേഷണങ്ങൾ എങ്ങും എത്തിയില്ല. വർഷങ്ങൾ നീണ്ട തിരച്ചിലിലും കൊലയാളിയെ കണ്ടെത്തുവാൻ സാധിച്ചില്ല. 1988 ഓടെ മുംബൈയിൽ ഭീതി വിതച്ച കൊലയാളിയുടെ വേട്ട പൊടുന്നനെ അവസാനിച്ചു. എല്ലാം അവസാനിച്ചു എന്ന് കരുതിയ പോലീസിനും മാധ്യമങ്ങൾക്കും തെറ്റിയിരുന്നു.
1989-ൽ കൊൽക്കത്തയിലും മുംബൈയിലെ തെരുവോരങ്ങളിൽ അരങ്ങേറിയ കൊലപാതകങ്ങൾക്ക് സമാനമായി വീണ്ടും മനുഷ്യർ കൊല്ലപ്പെട്ടു. സമാന രീതി, കൊല്ലപ്പെട്ടവർ എല്ലാവരും യാചകർ. ഏതാനും മാസങ്ങൾക്കുള്ളിൽ, കുറഞ്ഞത് ഒമ്പത് പേർക്കെങ്കിലും ജീവൻ നഷ്ട്ടപ്പെട്ടു. നടപ്പാതകളിലും, റെയിൽവേ സ്റ്റേഷനുകൾക്കും, ഫ്ലൈ ഓ വറുകൾക്കും താഴെ അന്തിയുറങ്ങുന്ന മനുഷ്യരുടെ തലയോട്ടികൾ കല്ലുകൾ കൊണ്ട് ക്രൂരമായി ചതഞ്ഞരഞ്ഞു. ജൂണിനും സെപ്റ്റംബറിനും ഇടയിൽ നടന്ന കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടത് ഒമ്പത് മനുഷ്യർ. ഇരകളെല്ലാം കൊല്ലപ്പെട്ടത് പുലർച്ചെ, കവർച്ചയുടെയോ വ്യക്തിപരമായ ലക്ഷ്യത്തിന്റെയോ ലക്ഷണങ്ങളൊന്നുമില്ല. നാല് വർഷം മുമ്പ് മുംബൈയിൽ നടന്ന കൊലപാതകങ്ങളിൽ നിന്നുള്ള ഭയം പുനരുജ്ജീവിപ്പിച്ചു കൊണ്ട്, മാധ്യമങ്ങൾ നിഗൂഢമായ സ്റ്റോൺമാൻ എന്ന പേര് വീണ്ടും കുപ്രസിദ്ധി നേടി.
മുംബൈയ്ക്ക് സമാനമായിരുന്നു കൊൽക്കത്തയിലും, പ്രതിയെ കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിക്കുന്നില്ല. സ്റ്റോൺമാനെ കുറിച്ച് വർഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിക്കുന്നില്ല. സ്റ്റോൺമാൻ കൊലപാതക പരമ്പര ചുരുളഴിയാത കുറ്റകൃത്യമായി ഇന്നും തുടരുന്നു. പുരുഷനോ സ്ത്രീയോ എന്ന് ഇന്നും തിരിച്ചറിയാനാകാത്ത കൊലയാളി ഒരുപക്ഷെ ഇന്നും രാത്രികളിൽ ഇരയെ തേടി അലയുന്നുണ്ടാകും.