
ഇന്ത്യയിലെ ഏറെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മണാലി. ഇവിടെ അതിമനോഹരമായ പൈൻ മരങ്ങളുടെ ഒത്ത നടുവിലായി ഒരു ക്ഷേത്രമുണ്ട്. ചരിത്രവും ഐതിഹ്യവും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന ഹഡിംബ ദേവി ക്ഷേത്രം (Hidimba Devi Temple). മണാലി മാൾ റോഡിൽ നിന്നും ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ അതിമനോഹരമായ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ കഴിയുന്നതാണ്. മണാലിയിലേക്ക് യാത്ര പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടം തന്നെയാണ് ഈ ക്ഷേത്രം.
സൂര്യ കിരണങ്ങൾ തെന്നിയും തെറിച്ചും മാത്രം ഭൂമിയിലേക്ക് പതിക്കുന്ന ദേവതാരു വൃക്ഷങ്ങള്‍ കൊണ്ട് നിറഞ്ഞ കാട്. കാടിന്റെ വന്യതയിൽ ആത്മീയ ചൈതന്യം സമ്മാനിക്കുന്നു ഈ മനോഹര ക്ഷേത്രം. മഹാഭാരതത്തിലെ പഞ്ചപാണ്ഡവരിലെ ഭീമന്റെ പത്നി ഹഡിംബിക്കായാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ഹഡിംബ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഈ പുരാതന ക്ഷേത്രം ഒരു ആരാധനാലയം മാത്രമല്ല, സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പുരാണങ്ങളുടെയും പ്രതീകം കൂടിയാണ്.
ധുങ്കാരി ക്ഷേത്രം എന്നും അറിയപ്പെടുന്ന ഹഡിംബ ദേവി ക്ഷേത്രം മണാലിയുടെ ചരിത്രത്തിൽ ഒരു പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ പണിതീർത്ത ഈ ക്ഷേത്രം ഇന്നും യാതൊരു കേടുപാടുകളും കൂടാതെ അതേപടി തന്നെ നിലകൊള്ളുന്നു. കൂറ്റന്‍ പാറ തുരന്നാണ് ക്ഷേത്രം പണിതിരിക്കുന്നത്. 1553-ൽ മഹാരാജ ബഹാദൂർ സിംഗാണ് പ്രദേശത്തെ ആരാധനാ ദേവതയായ ഹഡിംബ ദേവിയുടെ ആരാധനക്കായി ഇവിടെ ഒരു ക്ഷേത്രം പണിയുന്നത്. ഹഡിംബ ദേവി ക്ഷേത്രത്തിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ സവിശേഷമായ വാസ്തുവിദ്യയാണ്. മറ്റു ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പൂർണമായും തടിയില്‍ പഗോഡ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 24 അടിയോളം ഉയരത്തിലാണ് ക്ഷേത്രം പണിത്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാന കവാടം അതിവിശാലമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ശ്രീകോവിലിൽ ഹഡിംബ ദേവിയുടെ കാൽപ്പാടുകൾ കൊത്തിവച്ചിട്ടുണ്ട്. തടികൂടാതെ കല്ലും, മരവും, മണ്ണും കൊണ്ടാണ് ക്ഷേത്രം പണിതീർത്തിരിക്കുന്നത്.
ഹിന്ദു പുരാണത്തിലെ ഹിഡുംബന്‍ എന്ന അസുരന്റെ പെങ്ങളായിരുന്നു ഹഡിംബ. ഭീമന്റെ കായിക ബലത്തിലും ധൈര്യത്തിലും ആകൃഷ്ടയായ ഹഡിംബയെ ഭീമൻ വിവാഹം കഴിക്കുകയായിരുന്നു. കുരുക്ഷേത്ര യുദ്ധത്തിനുശേഷം, ആത്മീയ ശക്തികൾ നേടുന്നതിനായി ഹഡിംബ ദേവി മണാലിയിലെ കാട്ടിൽ കഠിനമായ തപസ്സനുഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ഹിമാലയ പർവതത്തിന്റെ താഴ്‌വരയിൽ ദേവാരി വന വിഹാർ എന്ന ദേവദാരു വനത്തിലാണ് ഹഡിംബ തപസ്സനുഷ്ഠിക്കുന്നത്. ഹഡിംബ ദേവി തപസ്സനുഷ്ഠിച്ച് അതെ വനത്തിലാണ് ക്ഷേത്രം നിർമ്മിച്ചത്. രാക്ഷസിയായി പിറവി കൊണ്ട ഹഡിംബ ദേവി തപസ്സനുഷ്ഠിച്ചത്തോടെ ദേവിയായി മാറുകയായിരുന്നു.
ഇന്നും ക്ഷേത്രത്തിൽ മൃഗബലി നടത്തുന്നുണ്ട്. ഘോര്‍ പൂജയാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം. ക്ഷേത്രം സന്ദർശിക്കാൻ ഏറ്റവും അനിയോജ്യമായ സമയം സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ്. ഈ ക്ഷേത്രത്തിന് അടുത്തായി തന്നെ ഭീമന്റെയും ഹഡിംബ ദേവിയുടെയും മകനായ ഘടോത്കചന്റെ ക്ഷേത്രം സ്ഥിതിചെയ്യുന്നു. അതുല്യമായ ഐതിഹ്യവും ചരിത്ര പ്രാധാന്യവും ഹഡിംബ ദേവി ക്ഷേത്രത്തെ ഒരു തീർത്ഥാടന കേന്ദ്രവും ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രവും എന്ന പരിവേഷം നൽകുന്നു. മണാലിയിലെ ഹഡിംബ ദേവി ക്ഷേത്രം വെറുമൊരു ആരാധനാലയം മാത്രമല്ല, ചരിത്രം, ഐതിഹ്യം, വാസ്തുവിദ്യാ വൈഭവം എന്നിവയുടെ ഒരു മിശ്രിതമാണിത്. ഈ പുണ്യസ്ഥലത്തേക്കുള്ള സന്ദർശനം ഈ പ്രദേശത്തിന്റെ മതപരമായ വേരുകളിലേക്കുള്ള ഒരു യാത്ര മാത്രമല്ല, മണാലിയുടെ സാംസ്കാരിക പൈതൃകത്തിന്റെ കാലാതീതമായ മനോഹാരിതയിലേക്കുള്ള ഒത്തുചേരൽ കൂടിയാണ്.
Summary: The Hidimba Devi Temple, located in Manali, Himachal Pradesh, is dedicated to Hidimba, the wife of Bhima from the Mahabharata. Surrounded by cedar forests at the foot of the Himalayas, the temple is unique for its wooden architecture and pagoda-style roof. It is a popular pilgrimage and tourist spot, blending mythology, spirituality, and natural beauty.