ചെന്നൈ: തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ. യഥാർത്ഥ വനിതാ ദിനാഘോഷം ഡിഎംകെ സർക്കാരിനെ വേരോടെ പിഴുതെറിഞ്ഞ് 2026 ൽ ബിജെപി ഉൾപ്പെടുന്ന ഒരു സഖ്യ സർക്കാർ കൊണ്ടുവരികയായിരിക്കുമെന്ന് അവർ തുറന്നടിച്ചു.
തമിഴ്‌നാട്ടിലെ പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് ബിജെപി നേതാവ് അവകാശപ്പെട്ടു. "വൈശാലിയെ (ചെസ്സ് ഗ്രാൻഡ്മാസ്റ്റർ) തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രിയോട് ഞാൻ നന്ദി പറയുന്നു. തമിഴ്‌നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾ സുരക്ഷിതരല്ലാത്തതിനാൽ, യഥാർത്ഥ വനിതാ ദിനാഘോഷം ഡിഎംകെ സർക്കാരിനെ വേരോടെ പിഴുതെറിയുകയും 2026 ൽ ബിജെപി ഉൾപ്പെടുന്ന സഖ്യ സർക്കാർ കൊണ്ടുവരികയുമായിരിക്കും. ഡിഎംകെ സർക്കാരിനെ വേരോടെ പിഴുതെറിയുക എന്നതാണ് ഇന്നത്തെ നമ്മുടെ പ്രതിജ്ഞ,." - തമിഴിസൈ പറഞ്ഞു.
വ്യാഴാഴ്ച , ചെന്നൈയിൽ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ബിജെപി ഒപ്പുശേഖരണ കാമ്പയിൻ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ തമിഴിസൈ സൗന്ദരരാജനെ പോലീസ് തടഞ്ഞിരുന്നു.
എൻഇപി പ്രകാരമുള്ള ത്രിഭാഷാ നയത്തോടുള്ള ഡിഎംകെയുടെ എതിർപ്പിനെ ചോദ്യം ചെയ്യുന്ന പ്രചാരണത്തിൽ തമിഴിസൈ സൗന്ദരരാജൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ തുടങ്ങിയവർ പങ്കെടുത്തു. പുതിയ തൊഴിലവസരങ്ങൾ തുറക്കുന്ന മറ്റൊരു ഭാഷ പഠിക്കാനുള്ള അവസരം കുട്ടികൾക്ക് നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി നേതാവ് സൗന്ദരരാജൻ ചോദിച്ചു.