
ഛത്തീസ്ഗഡിലെ ദുർഗിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ രണ്ടു കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത വാർത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് കന്യാസ്ത്രീകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എന്നാൽ പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ റെയിൽവേ അധികൃതർ കുട്ടികളെ ചോദ്യംചെയ്യുന്നു. തുടർന്ന്, സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉടൻ തന്നെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദൾ അനുയായികളെ വിളിച്ചുവരുത്തുന്നു. അതോടെ രംഗം കൂടുതൽ വഷളാക്കുന്നു.
കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയുന്നു. എന്നാൽ അറസ്റ്റിലായ കന്യാസ്ത്രീകളെയോ പെൺകുട്ടികളെയോ ചോദ്യം ചെയ്തത് പോലീസായിരുന്നില്ല, മറിച്ച് ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകരായിരുന്നു. മതപരിവർത്തനം ആരോപിച്ചാണ് ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകർ കന്യാസ്ത്രീകളെ ക്രൂശിച്ചത്. ഇത് ആദ്യമായല്ല ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകർ മതപരിവർത്തനം ഉന്നയിച്ച് മനുഷ്യരെ ഉപദ്രവിക്കുന്നത്. ലോകരാജ്യങ്ങൾക്ക് മുന്നിൽ മതേതര രാജ്യമായ ഇന്ത്യ നാണിച്ച് തലതാഴ്ത്തേണ്ടി വന്നൊരു സംഭവമുണ്ട്. മതപരിവർത്തനം ആരോപിച്ച് കലിതുള്ളി എത്തിയ തീവ്രഹിന്ദുത്വ വാദികൾ ചുട്ടുകൊന്ന ഗ്രഹാം സ്റ്റെയിൻനും ആ മനുഷ്യന്റെ രണ്ടു മക്കളും ഇന്ത്യക്ക് മറക്കാനാകുമോ. ഇന്ത്യയിലെത്തി സാധുരസേവനം നടത്തിയ ആ വിദേശികൾക്ക് ഇന്ത്യ തിരിക്കെ നൽകിയതോ കൊടിയ പീഡകൾ മാത്രം. (Graham Staines Murder)
1965 ൽ മിഷൻറി പ്രവർത്തനങ്ങൾക്കായാണ് ഇരുപത്തി നാലാം വയസ്സിൽ ഓസ്‌ട്രേലിയക്കാരനായ ഗ്രഹാം സ്റ്റെയിൻസ് ഇന്ത്യയിൽ എത്തുന്നത്. ഒഡീഷയിലെ മയൂർഭഞ്ച് ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റിയുടെ ഭാഗമായിരുന്നു ഗ്രഹാം. ക്രിസ്ത്യൻ മിഷനറി ശൈലിയിലുള്ള സജീവമായ പ്രവർത്തനത്തിന്റെ ദീർഘകാല ചരിത്രമുള്ള ഒഡീഷയിലെ വിദൂര ആദിവാസി മേഖലകൾ കേന്ദ്രികരിച്ചായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. 1982 ആയപ്പോഴേക്കും ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റി കുഷ്ഠരോഗികൾക്കായി ഒരു ശുശ്രുഷ കേന്ദ്രം ആരംഭിക്കുന്നു. 1983 ൽ ഗ്രഹാം കേന്ദ്രത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും, അയൽ സംസ്ഥാനങ്ങളിൽ നിന്നും രോഗികൾ ശുശ്രുഷ കേന്ദ്രത്തിൽ എത്തിയിരുന്നു.
1981-ൽ, കുഷ്ഠരോഗികളെ പരിചരിക്കുന്ന സംഘത്തിന്റെ ഭാഗമായിരുന്നു ഗ്ലാഡിസിനെ ഗ്രഹാം കണ്ടുമുട്ടുന്നത്. ഇരുവരും പ്രണയത്തിലാകുന്നു. 1983 ൽ തന്നെ ഇരുവരും വിവാഹിതരാകുന്നു. അവർക്ക് മൂന്ന് മക്കളുണ്ടായിരുന്നു, മൂത്തമകൾ എസ്ഥേർ ഇളയ രണ്ട് ആൺമക്കളായ ഫിലിപ്പും തിമോത്തിയും.
ഗ്രഹാമും കുടുംബവും സന്നദ്ധ പ്രവർത്തനമാണ് നടത്തിയിരുന്നത്, രോഗികളെ ചികിത്സിച്ചും പുനരധിവസിപ്പിച്ചും. ഗ്രഹാമിന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ മുപ്പത് വർഷങ്ങൾ പിന്നിട്ടിരുന്നു. ഗ്രഹാം തന്റെ സേവനജീവിതത്തിനിടയിൽ ഇന്ത്യയിലെ ഹോ ജനതയുടെ ഭാഷയിലേക്ക് ബൈബിൾ പരിവർത്തനം ചെയുവാൻ സഹായിച്ചിരുന്നു. എന്നിരുന്നാൽ പോലും ഗ്രഹാമിന്റെ പ്രധാന ശ്രദ്ധ കുഷ്ഠരോഗികൾക്കുള്ള ശുശ്രൂഷയിലായിരുന്നു. എന്നാൽ, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ആ മനുഷ്യന്റെ പിന്നാലെ കൂടിയതോ മതം ഭ്രാന്തായി മാറിയ ചില മനുഷ്യരും. ഒളിഞ്ഞും തെളിഞ്ഞും പലരും ആ മനുഷ്യനെ ഭീഷണിപ്പെടുത്തി. ഗ്രഹാം നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഭീഷണികൾ നിരന്തരം എത്തികൊണ്ടിരുന്നത്. ബജ്‌റംഗ്ദള്‍ പ്രവർത്തകരായിരുന്നു ഇതിൽ പ്രധാനികൾ. എന്നാൽ ഈ ഭീഷണിക്ക് ഒന്നും ഗ്രഹാം വഴങ്ങിയില്ല.
ഗ്രഹമിനോടും കുടുംബത്തോടും വല്ലാത്തൊരു പകയായിരുന്നു പലർക്കും. തക്കം കിട്ടുമ്പോൾ തീർക്കണം എന്നത് മാത്രമായി ലക്ഷ്യം. എന്നാൽ ഇതൊന്നും അറിയാതെ ആ സാധു മനുഷ്യനും കുടുംബവും സേവനം തുടർന്ന് കൊണ്ടേയിരുന്നു. എന്നാൽ, ഗ്രഹാമിനനെ വകവരുത്താൻ കാത്തിരുന്ന ബജ്‌റംഗ്ദള്‍ പ്രവർത്തകർക്ക് മുന്നിൽ ഒരു അവസരം വന്നു വീഴുന്നു.
1999 ജനുവരി 22
ഒഡിഷയിലെ മനോഹരപുരിലെ ജംഗിൾ ക്യാമ്പിൽ പങ്കെടുക്കാൻ ഗ്രഹാമും രണ്ടു ആൺമക്കളും യാത്രയാകുന്നു. പ്രദേശത്തെ ക്രിസ്ത്യാനികളുടെ വാർഷിക സമ്മേളനം കൂടിയായിരുന്നു ക്യാമ്പ്. ഊട്ടിയിലെ സ്കൂളിൽ പഠിക്കുന്ന ഫിലിപ്പും തിമോത്തിയും അവധികാലം ആഘോഷിക്കാൻ വേണ്ടി എത്തിയതായിരുന്നു. ഈ വേളയിലാണ് പിതാവിനൊപ്പം ഇരുവരും കൂടെ കൂടിയത്. അവസരം കാത്തിരുന്ന ശത്രുക്കളും പിറകെ കൂടിയിരുന്നു.
സമയം ഏറെ വൈകിയിട്ടുണ്ട്. ഇരുട്ട് വീണു കഴിഞ്ഞിരുന്നു, വിശ്രമിക്കാൻ വേണ്ടി ഗ്രഹാം അവർ സഞ്ചരിച്ചിരുന്ന വാൻ ഒരിടത്തേക്ക് ഒതുക്കുന്നു. ശേഷം മക്കളും പിതാവും ഒന്ന് മയങ്ങുന്നു. പെട്ടന്നായിരുന്നു, അൻപതോളം ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകർ കൈയിൽ മാരക ആയുധങ്ങളുമേന്തി വാഹനത്തിന്റെ നേരെ പാഞ്ഞെത്തുന്നത്. വാഹനം തല്ലി തകർത്ത ശേഷം പെട്രോളൊഴിച്ച് കത്തിക്കുന്നു. പുറത്തെ ബഹളം കേട്ട് ഞെട്ടിയുണർന്ന ഗ്രാമിനും മക്കൾക്കും രക്ഷപ്പെടാൻ സാധിച്ചില്ല. തങ്ങളാൽ സാധ്യമാകുന്ന രീതിയിൽ രക്ഷപെടാൻ അവർ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവിൽ ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകർ ഒരുക്കിയ അഗ്നിയിൽ ഗ്രഹാമും രണ്ടു മക്കളും വെന്തു മരിക്കുന്നു.
തൊട്ട് അടുത്ത ദിവസം തന്നെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ദാരാസിങ് എന്ന രവീന്ദ്രകുമാര്‍പാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പോലീസ് അറസ്റ്റ് ചെയുന്നു. അന്ന് അമ്പത്തിയൊന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സന്നദ്ധ പ്രവർത്തനം എന്ന പേരിൽ നിർബന്ധിതമായി ഗ്രാമവാസികളെ മതം മാറ്റുവാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ഗ്രഹാമിനെയും മക്കളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകർ കൊന്നത്. 2003 ൽ ദാരാസിങ്ങും കൂട്ടരും കേസിൽ കുറ്റക്കാരാണ് എന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. എന്നാൽ 37 പേരെ കോടതി കുറ്റവിമുക്തരാക്കി. ദാരാസിങ്ങിനെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്‌ക്കെതിരെ പ്രതികള്‍ ഒഡിഷ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വധശിക്ഷയില്‍ ഇളവുനല്‍കി, ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ൽ സുപ്രീം കോടതിയും ഹൈക്കോടതി വിധി ശേരിവച്ചു. ഗ്രഹാം സ്റ്റെയിനെയും മക്കളെയും കൊലപ്പെടുത്തിയ അതേവർഷം സെപ്തംബറിൽ തന്നെ മയൂർഭഞ്ച് ജില്ലയിലെ ജമാബാനിയിൽ അരുൾ ദാസ് എന്ന കത്തോലിക്കാ പുരോഹിതനെയും ധാരാസിങ്ങും സംഘവും ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.
1999 ൽ ഗ്രഹാമിന്റെയും മക്കളുടെയും കൊലപാതകം അന്വേഷിക്കുവൻ ഇന്ത്യാ ഗവൺമെന്റ് ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.പി. വാധ്വയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ, കൊലപാതകങ്ങൾ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കുകയും, ദാരാസിങ്ങിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുകയും, ഭരണപരമായ വീഴ്ചകൾ വിലയിരുത്തുകയും ചെയ്തിരുന്നു. 2000 ൽ വാധ്വ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നു.
റിപ്പോർട്ടിൽ ഗ്രഹാം നിർബന്ധിത മതപരിവർത്തനം നടത്തിയതിന് തെളിവുകളൊന്നും കമ്മീഷന് കണ്ടെത്തുവാൻ സാധിച്ചില്ല. കൂടാതെ ദാരാസിങ്ങിന്റെ വ്യക്തിപരമായ വിദ്വേഷം മൂലമാണ് കൊലപാതകങ്ങൾ നടന്നതെന്നും ഗൂഢാലോചന നടന്നിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് ഇന്റലിജൻസിലും പ്രതികരണത്തിലുമുള്ള പരാജയങ്ങളിലേക്കും റിപ്പോർട്ട് വിരൽ ചുണ്ടി. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും ഇന്ത്യയിൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെയും ആവശ്യകതയെ റിപ്പോർട്ട് എടുത്തുകാട്ടിയിരുന്നു.
ഭർത്താവിന്റെയും മക്കളുടെയും മരണത്തിന് ശേഷവും ഗ്ലാഡിസ് ഇന്ത്യയിൽ പ്രവർത്തിച്ചു.ഒടുവിൽ, 2004 ൽ അവർ ഓസ്‌ട്രേലിയിലേക്ക് മടങ്ങി. 2005 ൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് ഗ്ലാഡിസിന് പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. എന്നാൽ ഈ ബഹുമതിക്ക് ഒരിക്കലും അവർക്ക് ഉണ്ടായ നഷ്ട്ടം നികത്തുവാൻ സാധിക്കില്ല.