
ഇരുപത്തിയാറ് വർഷങ്ങൾക്ക് മുമ്പ്, 1999-ൽ, രക്തരൂക്ഷിതമായ കാർഗിൽ യുദ്ധത്തിന് രാജ്യം സാക്ഷ്യം വഹിച്ച കാലം. നിയന്ത്രണ രേഖ ലംഘിച്ച് നുഴഞ്ഞുകയറിയ പാക് സൈന്യത്തെ മുട്ടുകുത്തിച്ച ആ പോരാട്ടത്തിൽ, ധീരതയുടെയും ത്യാഗത്തിൻ്റെയും ഏറ്റവും വലിയ പ്രതീകമായി മാറിയ ഒരു സൈനികനുണ്ട്. പതിനാലു വെടിയുണ്ടകൾ സ്വന്തം ശരീരത്തിലേക്ക് തുളച്ചു കയറിയിട്ടും പോരാട്ട വീര്യം ഒട്ടും ചോരാതെ ആ സൈനികൻ മാതൃരാജ്യത്തിനായി പോരാടി. ഇന്ത്യൻ സൈന്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരം വീർ ചക്ര ജേതാവായ യോഗേന്ദ്ര സിങ് യാദവ് (Yogendra Singh Yadav). പാക് സൈന്യത്തെ നേരിടുമ്പോൾ അദ്ദേത്തിന് പ്രായം പത്തൊൻപതായിരുന്നു.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ ഔറംഗാബാദ് അഹിർ ഗ്രാമത്തിലാണ് യോഗേന്ദ്ര സിംഗ് യാദവിന്റെ ജനനം. യാദവിന്റെ പിതാവ് കരൺ സിംഗ് യാദവും ഒരു സൈനികനായിരുന്നു. ഇന്ത്യൻ സൈന്യത്തിലെ കുമയൂൺ റെജിമെൻ്റിൽ സേവനമനുഷ്ഠിക്കുകയും 1965, 1971 യുദ്ധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സ്വന്തം പിതാവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് യാദവ് സൈന്യത്തിന്റെ ഭാഗമാകുവാൻ തീരുമാനിക്കുന്നത്. സേനാംഗമാകുമ്പോൾ 16 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. അന്ന് കരസേനയിലെ ഏറ്റവും താഴ്ന്ന പദവിയായ ശിപായി റാങ്കിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം.
1999-ൽ കാർഗിൽ യുദ്ധം ഉച്ചസ്ഥിതിയിലെത്തിയ സമയം. പാകിസ്ഥാൻ സൈന്യം കയ്യടക്കിയ ടൈഗർ ഹിൽ തിരിച്ചുപിടിക്കാൻ ഇന്ത്യൻ സൈന്യത്തിലെ 18 ഗ്രനേഡിയർ റെജിമെന്റ് നിയോഗിക്കപ്പെട്ടു. അതിലെ ഘടക് പ്ലറ്റൂണിൽ അംഗമായിരുന്നു യാദവ്. രാത്രിയുടെ ഇരുട്ടും, അതിശക്തമായ തണുപ്പും വകവെക്കാതെ, മൈനുകൾ നിറഞ്ഞ പാറകളിലൂടെ യാദവും സംഘവും ലക്ഷ്യത്തിലേക്ക് നീങ്ങി. ജൂലൈ മൂന്നിന് രാത്രിയിലാണ് ദൗത്യം ആരംഭിക്കുന്നത്. 17,000 അടി ഉയരമുള്ള മഞ്ഞ് നിറഞ്ഞ മലമുകളിലേക്ക് മരണത്തെയും മുഖാമുഖം കണ്ടു കൊണ്ട് സംഘം മുന്നോട്ട് നീങ്ങി.
16,000 അടി പിന്നിട്ട് പാക് സൈന്യത്തിന്റെ ബങ്കറുകളോട് അടുത്തപ്പോഴേക്കും അപകടം വ്യക്തമായി. പാകിസ്ഥാൻ സൈന്യം മെഷീൻ ഗണ്ണുകളുപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന് നേരെ നിറയൊഴിക്കുന്നു. ആ ആക്രമണത്തിൽ ഒമ്പതോളം സൈനികർക്ക് മരണപ്പെട്ടു. തങ്ങളാൽ കഴിയുന്ന വിധം യാദവും സംഘവും ആക്രമണത്തെ ചെറുത്തു. എന്നാൽ അപ്പോഴും വെല്ലുവിളിയായി തുടർന്നത് പാക് ബങ്കറുകളിൽ എത്തിപ്പെടുക എന്നതായിരുന്നു. 1,000 അടി ഉയരമുള്ള, മഞ്ഞുമൂടിയ, ലംബമായ ഒരു പാറക്കെട്ടിന്റെ മുകളിലായിരുന്നു ബങ്കറുകൾ സ്ഥിതി ചെയ്തിരുന്നത്. കൂറ്റൻ മഞ്ഞുമതിൽ താണ്ടിയാലേ ബങ്കറുകളിൽ എത്തുവാൻ സാധിക്കു. ആരെങ്കിലും മഞ്ഞുമതിൽ കയറിയ ശേഷം താഴേക്ക് കയറിട്ട് നൽകിയാൽ മാത്രമേ താഴെ നിന്നും മുകളിലേക്ക് സൈനിക്കർക്ക് എത്തിച്ചേരുവാൻ സാധിക്കു. ഒടുവിൽ ഈ ദൗത്യം ഏറ്റെടുത്തത് യാദവായിരുന്നു.
മഞ്ഞുമതിൽ കയറി, കുറച്ചു മീറ്ററുകൾ താണ്ടിയതും പാക് സൈന്യം യാദവിന് നേരെ വെടിയുതിർക്കുന്നു. അഞ്ചോളം വെടിയുണ്ടാകൾ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് തുളച്ചു കയറുന്നു. ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുക്കിയിട്ടും അദ്ദേഹം ദൗത്യത്തിൽ നിന്നും പിന്മാറിയില്ല. തളരാതെ അദ്ദേഹം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നു, അപ്പോഴേക്കും 14 ബുള്ളറ്റുകൾ ശരീരത്തിൽ പതിച്ചിട്ടുണ്ടായിരുന്നു. വെടിയേറ്റ് വീണ യാദവ് മരിച്ചുവെന്നാണ് പാക് സൈനികർ കരുതിയത്. എന്നാൽ, ശത്രുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് കയ്യിലുണ്ടായിരുന്ന രണ്ട് ഗ്രനേഡുകൾ അദ്ദേഹം ബങ്കറുകളിലേക്ക് എറിയുന്നു. ഇതേ സമയത് തന്നെ മറ്റു സൈനികർ മുകളിലെത്തിയിരുന്നു. യാദവിന്റെ ഈ അവിശ്വസനീയമായ ധീരതയുടെ ബലത്തിലാണ് ഇന്ത്യൻ സൈന്യം അന്ന് ടൈഗർ ഹിൽ കീഴടക്കുന്നത്. മരണം മുന്നിൽ കണ്ടിട്ടും പിൻവാങ്ങാത്ത ആ മനക്കരുത്താണ് വിജയത്തിൽ നിർണ്ണായകമായത്.
യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ യാദവ് മൂന്നു ദിവസം അബോധാവസ്ഥയിലായിരുന്നു. ഒന്നര വർഷത്തോളം ആശുപത്രി വാസം തുടരേണ്ടി വന്നു അദ്ദേഹത്തിന്. കാർഗിൽ യുദ്ധത്തിലെ അതുല്യ ധൈര്യത്തിനും ദേശസ്നേഹത്തിനുമുള്ള അംഗീകാരമായി, യോഗേന്ദ്ര സിങ് യാദവിന് ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരംവീർ ചക്ര നൽകി രാജ്യം ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് യാദവ്. 2021 ഡിസംബർ 31-ന്, ഓണററി ക്യാപ്റ്റൻ റാങ്കിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നും അദ്ദേഹം ഔദ്യോഗികമായി വിരമിച്ചു.
Summary: Yogendra Singh Yadav, born in Bulandshahr, Uttar Pradesh, became India’s youngest living Param Vir Chakra awardee for his extraordinary bravery during the 1999 Kargil War. At just 19, he scaled Tiger Hill under heavy enemy fire, sustaining 14 bullets, yet continued his mission and helped capture the strategic position. His courage and sacrifice remain an inspiring symbol of patriotism and valor in the Indian Army.