ബെംഗളൂരു: നഗരത്തെ ഞെട്ടിച്ച 7 കോടി രൂപയുടെ കവർച്ചാ കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി പോലീസ്. പ്രാഥമിക ചോദ്യം ചെയ്യലിൽ വാൻ ഡ്രൈവർക്കും പണം കൊണ്ടുപോയ ഏജൻസിയിലെ ജീവനക്കാർക്കും കവർച്ചയിൽ പങ്കില്ലെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്താനായില്ല.(The language spoken by the gang that stole 7 crores in Bengaluru has been identified)
ഉച്ചയ്ക്ക് 12:30 ഓടെ ജെ.പി. നഗറിലെ അശോക പില്ലറിന് സമീപമാണ് കവർച്ച നടന്നത്. എച്ച്.ഡി.എഫ്.സി. ബാങ്കിൽ നിന്ന് ഗോവിന്ദരാജപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണ് സംഭവം നടന്ന വാഹനം. ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം ഈ വാൻ തടഞ്ഞു നിർത്തി കൊള്ളയടിക്കുകയായിരുന്നു.
കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സംഘം വാൻ തടഞ്ഞത്. വാനിൻ്റെ ഡ്രൈവർ, സി.എം.എസ്. സ്ഥാപനത്തിലെ ജീവനക്കാരൻ, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം സംശയത്തിന് ഇട നൽകിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തിൽ ഇവർക്ക് പങ്കില്ലെന്ന് പോലീസ് കരുതുന്നു.
കവർച്ച നടന്ന സ്ഥലത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ടവറിൻ്റെ പരിധിയിൽ വന്നുപോയവരെ നിരീക്ഷിച്ച് വരികയാണ്. കവർച്ചയ്ക്ക് എത്തിയ സംഘം സംസാരിച്ചിരുന്നത് കന്നഡ ഭാഷയിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാനിലുണ്ടായിരുന്ന സി.സി.ടി.വി. റെക്കോർഡിംഗ് യൂണിറ്റ് (ഡി.വി.ആർ) കൊള്ളക്കാർ കൊണ്ടുപോയത് അന്വേഷണത്തിന് വലിയ വെല്ലുവിളിയായിട്ടുണ്ട്.
കവർച്ചക്കാർ എത്തിയ ഗ്രേ കളർ ഇന്നോവ കാറിൻ്റെ നമ്പർ വ്യാജമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ബെംഗളൂരു നഗരത്തിലുടനീളവും തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ സാധ്യതയുള്ള അതിർത്തി പ്രദേശങ്ങളിലും പോലീസ് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
കവർച്ച നടന്ന വിവരം പോലീസിനെ അറിയിക്കാൻ ജീവനക്കാർ വൈകിയതും, സായുധരായിരുന്നിട്ടും ആയുധം ഉപയോഗിക്കാതിരുന്നതും, സി.സി.ടി.വി. ക്യാമറകൾ ഇല്ലാത്ത ഭാഗത്ത് വാഹനം നിർത്തിയതുമാണ് ജീവനക്കാരെ നേരത്തെ സംശയത്തിൻ്റെ നിഴലിലാക്കിയിരുന്നത്.