സമയം കൃത്യം പറയുന്ന ചക്രങ്ങൾ, കല്ലുകൾ കഥ പറയുന്ന കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം; കൊണാർക്ക് സൂര്യക്ഷേത്രം|Konark Sun Temple

Konark Sun Temple
Published on

കല്ലുകൾ കഥ പറയുന്ന, നിഗൂഢതകളുടെ പറുദീസയായ വിഹരിക്കുന്ന ഒരു ക്ഷേത്രം. കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രത്തിലേക്ക് ഒരു യാത്ര പോയാലോ. പതിമൂന്നാം നൂറ്റാണ്ടിൽ കിഴക്കൻ ഗംഗ രാജവംശത്തിലെ നരസിംഹദേവ ഒന്നാമൻ രാജാവ്  ഒഡീഷയിലെ പുരി ജില്ലയിലെ കൊണാർക്ക് പട്ടണത്തിൽ നിർമ്മിച്ച ക്ഷേത്രമാണ് കൊണാർക്ക് സൂര്യക്ഷേത്രം (Konark Sun Temple). അതുല്യമായ ശില്പ നവീകരണങ്ങൾക്കും കൊത്തുപണികൾക്കും പേരുകേട്ട ഹൈന്ദവ ഒറീസ വാസ്തുവിദ്യയുടെ പരകോടിയെ പ്രതിനിധീകരിക്കുന്നു ഈ മനോഹര ക്ഷേത്രം. ചക്രങ്ങളും കുതിരകളും ഉള്ള വ്യതിരിക്തമായ രഥത്തിന്റെ ആകൃതിയിലാണ് ക്ഷേത്രം പണിതീർത്തിരിക്കുന്നത്.

1236 നും 1264 നും ഇടയിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ഒരു സർവേ പ്രകാരം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. വേദകാലം മുതൽ ഇന്ത്യയിൽ ആരാധിച്ചു പോരുന്ന പ്രധാന ദേവനാണ് സൂര്യ ദേവൻ. സൂര്യ ദേവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. കൊണാർക്കിലെ സൂര്യക്ഷേത്രം ഏറ്റവും ഉയർന്ന സ്ഥലമായി അടയാളപ്പെടുത്തുന്നു. വളരെ ശാന്തവും മനോഹരവുമായ കടൽത്തീരത്തോടു കൂടിയ ശാന്തമായ അന്തരീക്ഷമാണ് ഇവിടുത്തേത്. അതിനാൽ തന്നെ വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഇവിടം.

കൊണാർക്ക് എന്ന പദത്തിന് സൂര്യന്റെ ദിക്ക് എന്നാണ് അർത്ഥം. കോൺ എന്നാൽ  മൂല അല്ലെങ്കിൽ ദിക്ക് എന്നും, അർക്കൻ എന്നാൽ സൂര്യൻ എന്നുമാണ് അർത്ഥം. കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രമെന്നാണ് അർത്ഥം. ബ്ലാക്ക് പഗോഡയെന്ന് (Black Pagoda) ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു. 'ബ്രഹ്മപുരാണത്തിൽ' അർക്കക്ഷേത്രത്തിലെ സൂര്യദേവനെ കൊണാദിത്യ എന്നാണ് വിശേഷിപ്പിക്കുന്നത്. കോണാദിത്യനെ ആരാധിക്കുന്ന ഇടം കൊണാർക്ക് എന്ന് നാമകരണം ചെയ്യപ്പെട്ടു.

കിഴക്ക് ദര്‍ശനമായാണ് ക്ഷേത്രം. സൂര്യദേവന്റെ മൂന്നു ഭാവങ്ങള്‍ (ഉദയം, മധ്യാഹ്നം, അസ്തമയം) എന്നിവ പ്രധാന ക്ഷേത്രത്തിന്റെ മൂന്ന് ഭാഗങ്ങളിലായി നിര്‍മിച്ചിരിക്കുന്നു. കല്ലുകള്‍ തമ്മില്‍ യോജിപ്പിക്കാന്‍ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല. ഓരോ കല്ലും പ്രത്യേക രീതിയില്‍ കൂട്ടിയിണക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കൊണാര്‍ക്കിന്റെ പരിസരങ്ങളില്‍ കാണാത്ത പ്രത്യേക തരം കല്ലുകള്‍ ഉപയോഗിച്ചാണ് ക്ഷേത്രം പണിതിരിക്കുന്നത്. എന്നാൽ കടലിൽ നിന്നും വീശുന്ന കാറ്റ് ഈ മനോഹര ഘടനയെ പതിയെ പതിയെ ഇല്ലാതെയാക്കുന്നു.

ക്ഷേത്രം നിർമിച്ചിരിക്കുന്നത് രഥത്തിന്റെ മാതൃകയിലാണ്, ഇരു വശങ്ങളിലും പന്ത്രണ്ടു ചക്രങ്ങൾ വീതമുണ്ട്. 12 അടി വ്യാസമുള്ള, ഏഴ് കുതിരകള്‍ വലിക്കുന്ന മനോഹരമായ കൊത്തുപണികളുള്ള 24 ശിലാചക്രങ്ങളുണ്ട് ഈ രഥത്തിന്. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെയും കാണാൻ സാധിക്കും. ക്ഷേത്രത്തിന് മുന്നിലായി  നടന മന്ദിരം എന്നറിയപ്പെടുന്നു മണ്ഡപം സ്ഥാപിച്ചിട്ടുണ്ട്. സൂര്യനോടുള്ള ആരാധന എന്ന നിലയിൽ കലാരൂപങ്ങൾ ഇവിടെ സംഘടിപ്പിച്ചിരുന്നു. ദേവീ ദേവന്മാരുടെ രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ, ഗന്ധർവന്മാർ, യക്ഷികൾ, പുരാണ കഥാ സന്ദർഭങ്ങൾ, നൃത്തം ചെയ്യുന്ന അപ്സരസുകൾ എന്നിവ ക്ഷേത്രത്തിന്റെ ചുമർ ശില്പങ്ങളിൽ കാണാൻ സാധിക്കും. പ്രധാന ക്ഷേത്രത്തിന് 229 അടി ഉയരമാണുള്ളത്. ഉദയ സൂര്യന്റെ പ്രകാശ രശ്മികൾ പ്രധാന വിഗ്രഹത്തിന്റെ മൂർധാവിൽ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിർമ്മാണം.

ക്ഷേത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത സമയം പറയുന്ന ചക്രങ്ങളാണ്. ഒരു ദിവസത്തെ സമയം കൃത്യമായി പറയുന്ന ചക്രം. ഓരോ ചക്രത്തിലും എട്ട് വീതം ആരക്കാൽ ഉണ്ട്. ഒരു ആരക്കാൽ 3 മണിക്കൂറിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. അങ്ങനെ ഒരു ചക്രം 24 മണിക്കൂറിനെ പ്രതിനിധാനം ചെയ്യുന്നു. ആരാക്കാലുകളുടെ നിഴൽ നോക്കി നമുക്ക് സമയം പറയാൻ കഴിയും. രാത്രിയും പകലും മാത്രമല്ല, ഓരോ മിനിറ്റും ഈ ആരക്കാൽ നോക്കി പറയാം. 

ക്ഷേത്രത്തിന്റെ മഹത്വം കാലക്രമേണ നഷ്ടമായകൊണ്ട് ഇരിക്കുന്നു. ഗംഭീരമായ ഈ സ്മാരകം തകര്‍ന്നതിന്റെ കൃത്യമായ തീയതിയും കാരണവും ഇപ്പോഴും ദുരൂഹമാണ്. കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ ഒരു നല്ല ഭാഗവും നശിച്ചു കഴിഞ്ഞു. പ്രധാന ശ്രീകോവില്‍ ഇപ്പോള്‍ നിലവിലില്ല. ഇത് 1837 ല്‍ തകര്‍ന്നു വീണതായി കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ പതനത്തിന്റെ പ്രധാന കാരണങ്ങളായി പറയപ്പെടുന്നത്. നരസിംഹദേവൻ ഒന്നാമൻ രാജാവിന്റെ അകാലത്തിലുള്ള മരണം കാരണം ക്ഷേത്ര നിർമ്മാണം പാതി വഴിയിൽ മുടങ്ങി. ഏറെ നാൾ ഇങ്ങനെ പണികളൊന്നും നടത്താതിരുന്നപ്പോൾ ക്ഷേത്രം തകർന്നു വീണു. പക്ഷെ ചരിത്രപരമായ ഇതിനു യാതൊരു തെളിവും ഇല്ല. ക്ഷേത്രത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന കല്ല് എടുത്ത് മാറ്റിയതാവാം ക്ഷേത്രത്തിന്റെ പതനത്തിനു കാരണം എന്നും പറയപ്പെടുന്നു. ക്ഷേത്രത്തിനു മുകളിൽ ഉണ്ടായിരുന്ന കല്ല് കാന്തിക സ്വാധീനം ഉണ്ടായിരുന്നതും അത് കടലിൽ വരുന്നവരെ ദിശാമാറ്റി വിടുന്നു, വഴി തെറ്റിച്ചു വിടാതിരിക്കാൻ മുസ്ലിം കച്ചവടക്കാരാണ് അത് എടുത്ത് മാറ്റിയതെന്ന് പറയുന്നു.

ചിലപ്പോൾ ക്ഷേത്രത്തിന്റെ നിർമാണത്തിനുള്ള പോരായ്മകളാകാം പതനത്തിനു പിന്നിലെ പ്രധാന കാരണം. ക്ഷേത്ര നിര്‍മ്മാണത്തിന്റെ ആദ്യ സൂത്രധാരന്‍ ശിവേയി സാമന്തരായര്‍ എന്നയാളായിരുന്നു. ഒരിക്കല്‍, ക്ഷേത്ര നിര്‍മ്മാണം മുൻകൂട്ടി തീരുമാനിച്ച സമയത്തിനും മുമ്പ് തീര്‍ക്കണമെന്ന് നരസിംഹ ദേവരാജാവ് ഉത്തരവിടുന്നു. പറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയില്ല എങ്കിൽ മരണമായിരുന്നു ശിക്ഷ. എന്നാല്‍ തന്നെ കൊണ്ട് വളരെ വേഗം ക്ഷേത്രം നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ല എന്ന് സാമന്തരായര്‍ രാജാവിനെ അറിയിക്കുന്നു. അതോടെ രാജാവ് ബിസു മഹാറാണയെ ക്ഷേത്ര നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. തന്റെ മകനായിരുന്ന ധര്‍മപാദരുടെ സഹായത്തോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ബിസു മഹാരണയ്‌ക്ക് കഴിഞ്ഞു. പക്ഷെ ക്ഷേത്രത്തിന് ധാരാളം പാകപ്പിഴകള്‍ ഉണ്ടായിരുന്നു. ഇത് ക്ഷേത്രത്തിന്റെ നാശത്തിനു കാരണമായി എന്നും ഒരു വാദമുണ്ട്.

ക്ഷേത്രത്തിന്റെ പതനവുമായി ബന്ധപ്പെട്ട് ഏറ്റവും വിശ്വസനീയമായ കഥ ബംഗാള്‍ സുല്‍ത്താനായിരുന്ന സുലൈമാന്‍ ഖാന്‍ ഖരാനിയുടെ മന്ത്രി കാലാപഹാദുമായി ബന്ധപ്പൈട്ടിരിക്കുന്നു. കാലാ പഹാദ് 1508 ല്‍ ഒഡിഷയെ ആക്രമിക്കുന്നു. ഇദ്ദേഹം കൊണാര്‍ക്ക് ക്ഷേത്രം ആക്രമിച്ചു. അതിന്റെ ഫലമായി ക്ഷേത്രഘടന ദുര്‍ബ്ബലമാവുകയായിരുന്നു. പണ്ഡിതരുടെ അഭിപ്രായ പ്രകരം ശക്തമായ ഭൂകമ്പമാണ് ക്ഷേത്രത്തിന്റെ പ്രധാന ഘടനയുടെ തകർച്ചയ്ക്ക് വഴിവച്ചത് എന്ന്. ദുർബലമായ അടിത്തറയാവാം മറ്റൊരു കാരണം. ഇതുപോലെ ക്ഷേത്രത്തിന്റെ പദനത്തെ കുറിച്ച് ധാരാളം കഥകളാണ് ഉള്ളത്, കൃത്യമായൊരു കാരണം ആരും കണ്ടുപിടിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com