ഒരു ചെറിയ ആനയ്ക്ക് പോലും പ്രവേശിക്കാൻ കഴിയാത്ത വിധത്തിൽ പണിതീർത്ത ശിവസന്നിധി, ജംബുകേശ്വരന്റെ രൂപത്തിൽ ശിവ ഭഗവാനെ ആരാധിക്കുന്ന ജംബുകേശ്വര ക്ഷേത്രം|Jambukeswarar Temple

Jambukeswarar Temple
Published on

തമിഴ്നാട്ടിലെ തിരുച്ചിറപള്ളി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏറെ പ്രശസ്തമായ ശിവക്ഷേത്രമാണ് ജംബുകേശ്വര ക്ഷേത്രം. തിരുവനൈക്കോവിൽ അരുൾമിഗു ജംബുകേശ്വരർ അഖിലാണ്ഡേശ്വരി ക്ഷേത്രം എന്ന പേരിലും ക്ഷേത്രം അറിയപ്പെടുന്നു. മഹാഭൂതത്തെ അല്ലെങ്കിൽ അഞ്ച് മൂലകങ്ങളെ പ്രതിനിധീകരിക്കുന്ന തമിഴ്‌നാട്ടിലെ അഞ്ച് പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം. ജലത്തിന്റെ മൂലകത്തെയാണ് ജംബുകേശ്വര ക്ഷേത്രം പ്രതിനിതീകരിക്കുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിലായി ഒരു ഭൂഗർഭ അരുവിയുണ്ട്.( Jambukeswarar Temple)

ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് പിന്നിൽ ഇതിഹാസപൂർണമായ ഒരു കഥാവിഷ്‌കാരമുണ്ട്. ലോകത്തിന്റെ നന്മയ്ക്കായി തപസ്സനുഷ്ഠിക്കുന്ന ശിവഭഗവാനെ പാർവതി ദേവി ഒരിക്കൽ പരിഹസിച്ചു. ദേവിയുടെ പ്രവൃത്തിയെ അപലപിക്കാൻ ആഗ്രഹിച്ച ശിവൻ, കൈലാസത്തിൽ നിന്ന് ഭൂമിയിൽ എത്തി തപസ്സു ചെയ്യാൻ ദേവിയോട് കൽപ്പിക്കുന്നു. ഭഗവാന്റെ നിർദ്ദേശപ്രകാരം അഖിലാണ്ഡേശ്വരിയുടെ രൂപത്തിൽ പാർവതി ദേവി ധ്യാനത്തിനായി ജംബുവനം (തിരുവനൈക്കോയിൽ) എത്തുന്നു. തുടർന്ന്, കാവേരി നദിയിലെ ജലത്തിൽ നിന്നും ദേവി ഒരു ശിവലിംഗം പണിതീർക്കുന്നു ശേഷം പുണ്യലിംഗത്തെ ആരാധിക്കുന്നു. ഒടുവിൽ  ഭഗവൻ അഗിലെണ്ടേശ്വരിക്ക് ദർശനം നൽകി ശിവ ജ്ഞാനം പഠിപ്പിക്കുന്നു. പടിഞ്ഞാറോട്ട് ദർശനമായി നിന്ന ശിവനിൽ നിന്ന് കിഴക്കോട്ട് ദർശനമായി അഖിലാണ്ഡേശ്വരി പാഠങ്ങൾ സ്വീകരിച്ചു.

ശിവ ഗണങ്ങളായ  'മാല്യവനം', 'പുഷ്പദന്തം കൈലാസത്തിൽ താമസിച്ചിരുന്നു. ശിവഗണമാണെങ്കിലും അവർ പരസ്പരം കലഹിക്കുകയും പോരാടുകയും ചെയ്തിരുന്നു.  പോരാട്ടത്തിൽ മാല്യവനം പുഷ്പദന്തനെ ആദ്യം ആനയാകാൻ ശപിക്കുകയും തുടർന്ന് പുഷ്പദന്തൻ മാല്യവനത്തിനെ ചിലന്തിയാകാൻ ശപിക്കുന്നു. ഒടുവിൽ ഇരുവരും ജംബുകേശ്വരത്ത് എത്തി ശിവ ഭഗവാനെ ആരാധിക്കുന്നു. ആന കാവേരി നദിയിൽ നിന്ന് വെള്ളം ശേഖരിച്ച് ജംബു മരത്തിനടിയിലെ ശിവലിംഗത്തിൽ അഭിഷേകം നടത്തി. അതേസമയം ചിലന്തി ശിവലിംഗത്തിന് മുകളിൽ ഒരു വല നിർമ്മിച്ചു, ഉണങ്ങിയ ഇലകൾ അതിൽ വീഴുന്നത് തടയാനും സൂര്യപ്രകാശം നേരിട്ട് അതിൽ പതിക്കുന്നത് തടയാനും ശ്രമിച്ചു. ഒരിക്കൽ ശിവലിംഗത്തിലെ വലയെ പൊടിയെന്നു തെറ്റിധരിച്ച്  ആന അതിൽ വെള്ളമൊഴിച്ചു. ഇതിൽ രോഷാകുലനായ ചിലന്തി ആനയെ കടിച്ചു കൊന്നു, ശേഷം സ്വയം മരിക്കുന്നു.

ജംബുകേശ്വരന്റെ രൂപത്തിലുള്ള ശിവൻ ഇരുവരുടെയും അചഞ്ചലമായ ഭക്തിയിൽ ഇരുവർക്കും ശാപമോചനം നൽകി. ഈ സ്ഥലത്തിൽ ശിവഭഗവാനെ ആരാധിച്ചിരുന്നത് ആനയായിരുന്നതു കൊണ്ട് തന്നെ അവിടം തിരു ആനൈ കാ (തിരു എന്നാൽ വിശുദ്ധം, ആനൈ എന്നാൽ ആന, കാ (കാട്) എന്നാൽ വനം) എന്നും പിന്നീട് തിരുവാണൈക്കാവൽ എന്നും അറിയപ്പെടാൻ തുടങ്ങി. ആനയെ കൊന്ന കുറ്റത്തിന് പകരമായി അടുത്ത ജന്മത്തിൽ ചുവന്ന കണ്ണുള്ള രാജാവ് എന്നർത്ഥം വരുന്ന കൊച്ചെങ്ങോട്ട് ചോളൻ എന്ന രാജാവായി ചിലന്തി ജനിക്കുന്നു. തന്റെ മുൻ ജന്മത്തിലെ ആനയോടുള്ള ശത്രുത ഓർത്തുകൊണ്ട്, ഒരു ചെറിയ ആനയ്ക്ക് പോലും പ്രവേശിക്കാൻ കഴിയാത്ത വിധത്തിലാണ് ശിവ സന്നിധി പണിയുന്നത്. ജംബുകേശ്വര ശിവസന്നതിയിലെ പ്രവേശന കവാടത്തിന് 4 അടി ഉയരവും 2.5 അടി വീതിയും മാത്രമേയുള്ളൂ.

മനോഹരമായ വാസ്തുവിദ്യാശൈലിയിലും നേർത്ത കൊത്തുപണികളിലൂടെയും ജമ്പുകേശ്വര ക്ഷേത്രം അതിന്റെ ഭംഗിയും ആത്മീയതയും പ്രകടമാക്കുന്നു.ക്ഷേത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് 126 അടി ഉയരമുള്ള ചുറ്റുമതിലും 123 അടി ഉയരമുള്ള ശ്രീകോവിലും. ക്ഷേത്രത്തിന്റെ രണ്ടാമത്തെ ചുറ്റുമതിലിന്റെ അകെ നീളം 306 അടിയാണ്. കൂടാതെ, ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി മറ്റ് ഉപദേവതകളുടെ ക്ഷേത്രം സ്ഥിതിചെയ്യുന്നു ഇത് ക്ഷേത്രത്തിന്റെ ആകൃതിക്കും ആധികാരികതക്കും പ്രത്യേക ഭംഗിയേകുന്നു.

.

Related Stories

No stories found.
Times Kerala
timeskerala.com