
കോട്ട: രാജസ്ഥാനിലെ കോട്ട മെഡിക്കല്‍ കോളേജില്‍ പരുക്കേറ്റ മകന് കൂട്ടിരുന്ന പിതാവിനും ശസ്ത്രക്രിയ നടത്തി.ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് മകനെ കാത്തുനിന്ന പിതാവിനെ ഹീമോ ഡയലാസിസിന് മുന്നോടിയായുള്ള ശസ്ത്രക്രിയ ചെയ്തുവെന്ന് പരാതി.
അപകടത്തില്‍ പരിക്കേറ്റ മനീഷിന്റെ കാലിലെ ശസ്ത്രക്രിയ തീരുന്നത് കാത്തിരിക്കുകയായിരുന്നു പിതാവായ ജഗദീഷ്. ഈ സമയത്താണ് ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഒരു നഴ്‌സ് ജഗദീഷ് എന്ന പേര് വിളിക്കുന്നത്. നഴ്‌സ് വിളിച്ചത് മറ്റൊരു ജഗദീഷിനെയായിരുന്നു. എന്നാല്‍ അത് തന്നെയാണെന്ന് തെറ്റുദ്ധരിച്ച് ഇദ്ദേഹം അവരുടെ കൂടെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോയി.
ഹീമോ ഡയാലിസിസിന്റെ ഭാഗമായ എ.വി. ഫിസ്റ്റുല (കയ്യില്‍ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയക്കാണ് ജഗദീഷിനെ വിധേയനാക്കിയത്. ഈ സമയത്ത് ഓപ്പറേഷൻ തിയേറ്ററിലേക്ക് എത്തിയ ഡോക്ടർ ആൾ മാറിയെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ജഗദീഷിന്റെ കൈയ്യിലുണ്ടാക്കിയ മുറിവ് കെട്ടിവച്ച് പറഞ്ഞയയ്ക്കുകയും ചെയ്തു.
പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു ജഗദീഷ്. കൈകള്‍ക്ക് സ്വാധീനം കുറവാണ്. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. വീട്ടില്‍ പരിചരിക്കാന്‍ ആരുമില്ലാത്തതിനാല്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയതായിരുന്നുവെന്ന് മകന്‍ പറയുന്നു. സംഭവത്തിൽ വ്യക്തത വരുത്താൻ അന്വേഷണ നടപടികള്‍ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.